ക്രിസ്റ്റ്യാനോയുടെ ജഴ്സിക്ക് വന്‍ ഡിമാന്റ്: 82 കോടി റിയാല്‍ പോക്കറ്റിലാക്കി സൗദി ക്ലബ്ബ്
- ഒരു ജഴ്സിക്ക് ഏകദേശം 9125 ഇന്ത്യന്‍ രൂപയാണ് വില
- സ്വീകരണ പരിപാടിയുടെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു
- ടിക്കറ്റ് വരുമാനം ദരിദ്രര്‍ക്ക് സഹായമായി നല്‍കും
സൗദിയില്‍ പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗംഭീര സ്വീകരണമൊരുക്കുന്ന തിരക്കിലാണ് റിയാദ് നഗരം. സ്വീകരണ പരിപാടിയുടെ ടിക്കറ്റിനും ആവശ്യക്കാരേറിയതോടെ മുഴുവന്‍ ടിക്കറ്റും വിറ്റഴിഞ്ഞെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
അതിനിടെ റൊണാള്‍ഡോയുടെ അല്‍ നസ്റിലെ ഏഴാം നമ്പര്‍ ജഴ്സിക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്. ഒരു ജഴ്സിക്ക് വില 414 റിയാലാണ് വില. ഏകദേശം 9125 ഇന്ത്യന്‍ രൂപ. എന്നിട്ടും 48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്സികളാണ് സൗദിയില്‍ വിറ്റു പോയത്.
ജഴ്സി വില്‍പ്പനയിലൂടെ മാത്രം അല്‍ നസ്ര്‍ ക്ലബ്ബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് പോക്കറ്റില്‍ വീണത്. ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതമോതിയും ആശംസകള്‍നേര്‍ന്നും റിയാദിലുടനീളം പരസ്യ ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.
കൂടാതെ ഇന്നത്തെ സ്വീകരണ ചടങ്ങിനും ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. 25,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 15 റിയാല്‍ ടിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം അനുവദിക്കുക. ടിക്കറ്റുകളെല്ലാം നിലവില്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വരുമാനം പൂര്‍ണമായും സൗദി ഭരണകൂടം ദരിദ്ര ജനങ്ങള്‍ക്ക് സഹായമായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.