മധ്യേഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രം ജിദ്ദയില്‍: 130 കോടി റിയാല്‍ മുതല്‍ മുടക്ക്
- ഒരേ സമയം രണ്ടു ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി
- വിസ്തൃതി 2,25,000 ചതുരശ്ര മീറ്റര്‍
- 2,500ലധികം തൊഴിലവസരങ്ങള്‍
2500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മധ്യേഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രം ജിദ്ദയില്‍ ഒരുങ്ങുന്നു. പുതിയ പ്രവര്‍ത്തന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്നിരുന്നു.
മധ്യപൂര്‍വേഷ്യയിലെ തന്നെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രമാണിതെന്നാണ് അവകാശപ്പെടുന്നത്. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും അത്യാധുനിക സൗകര്യങ്ങളോടെയും ഒരുങ്ങുന്ന കേന്ദ്രത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.
ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ ഒരുങ്ങുന്ന ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രത്തിന് 130 കോടി റിയാലാണ് മുതല്‍ മുടക്ക് കണക്കാക്കിയിരിക്കുന്നത്. പുതിയ പദ്ധതി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2,500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് തുറമുഖ ജനറല്‍ അതോറിറ്റി 'മവാനി'യും 'മെയര്‍സ്‌ക്' കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ലോജിസ്റ്റിക് മേഖലകളില്‍കൂടി നിക്ഷേപാവസരങ്ങള്‍ ഒരുക്കാന്‍ 'മവാനി' ആരംഭിച്ച പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംരംഭവും ആരംഭിച്ചിരിക്കുന്നത്.
ഒരേ സമയം രണ്ടു ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ലോജിസ്റ്റിക് ഏരിയയുടെ വിസ്തൃതി 2,25,000 ചതുരശ്ര മീറ്റര്‍ ആയിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍തന്നെ മുഴുവന്‍ പണികളും പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ശീതീകരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍, ട്രാന്‍സ്ഷിപ്‌മെന്റ് ഏരിയ, വിവിധ ചരക്കുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും സഹായകരമാകുന്ന സംഭരണ-വിതരണ മേഖലകള്‍, എയര്‍-കാര്‍ഗോ ചരക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍, സുഗമമായ ചരക്ക് കൈമാറ്റത്തിനുള്ള സംവിധാനം എന്നിവയെല്ലാമാണ് പുതിയ ലോജിസ്റ്റിക് മേഖലയില്‍ ഒരുക്കുക.
ലോജിസ്റ്റിക്‌സ് പ്രവൃത്തിയെ ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള അതിനൂതന സാങ്കേതിക വിദ്യയാണ് ഇവിടെ ഒരുക്കുന്നത്. ഇതിലൂടെ 2040ഓടെ കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവ് പൂജ്യമാക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം.
കൂടാതെ, മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഗതാഗതത്തിനായും മറ്റും ഇലക്ട്രിക് ട്രക്കുകളും കാറുകളും മാത്രമേ സൈറ്റില്‍ ഉപയോഗിക്കുകയുള്ളുവെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
65,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലോജിസ്റ്റിക്‌സ് ഹാളുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ ഒരുക്കിയാണ് ആവശ്യമായ ഊര്‍ജ്ജ സംവിധാനം ഒരുക്കുക. ഇതിലൂടെ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജം ലോജിസ്റ്റിക് കേന്ദ്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കാനാവുമെന്നും അധികാരികള്‍ വ്യക്തമാക്കുന്നു.