അബുദാബി-ലണ്ടന്‍ വിമാന സര്‍വീസ് പുനരാരംഭിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്

  • ലണ്ടനില്‍ നിന്ന് അബുദാബിയിലേക്ക് ദിവസേന വിമാന സര്‍വീസ് ഉണ്ടാകും
  • വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് നാല് വര്‍ഷത്തിനുശേഷം
  • യുഎഇ പൗരന്മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് 2024 ഫെബ്രുവരി 22 മുതല്‍ പ്രീ-എന്‍ട്രി വിസ ആവശ്യമില്ല

Update: 2024-04-22 06:44 GMT

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബി-ലണ്ടന്‍ വിമാന സര്‍വീസ് ബ്രിട്ടീഷ് എയര്‍വെയ്‌സ് പുനരാരംഭിച്ചു. ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് അബുദാബിയിലെ പുതിയതായി തുറന്ന സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന വിമാന സര്‍വീസ് നടത്തുമെന്ന് യുകെ ആസ്ഥാനമായുള്ള വിമാനകമ്പനി അറിയിച്ചു. വേനല്‍ക്കാലത്ത് വിനോദത്തിനും ബിസിനസിനും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്തുന്നതിന് യുഎഇ നിവാസികള്‍ക്ക് ഏറ്റവും പ്രിയമുള്ള സ്ഥലമാണ് യുകെ.

ഞങ്ങളുടെ വിപുലമായ ആഗോള നെറ്റ്‌വര്‍ക്കിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാനും യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ വിമാനസര്‍വീസ് വഴി സാധിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സിലെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ ക്യാലം ലാമിങ്ങ് പറഞ്ഞു. എയര്‍ക്രാഫ്റ്റില്‍ നാല് ക്യാബിനുകള്‍ ഉണ്ടാകും.

യുഎഇ പൗരന്മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് 2024 ഫെബ്രുവരി 22 മുതല്‍ പ്രീ-എന്‍ട്രി വിസ ആവശ്യമില്ല. പകരം യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇടിഎ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ സമര്‍പ്പിക്കാവുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) സംവിധാനം സ്വീകരിച്ചു. ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ഇഷ്യൂ ചെയ്ത തീയതി മുതല്‍ രണ്ട് വര്‍ഷത്തേയ്ക്ക് അല്ലെങ്കില്‍ അപേക്ഷയ്ക്കായി ഉപയോഗിച്ച പാസ്‌പോര്‍ട്ട് കാലഹരണപ്പെടുന്നതുവരെ സൗധുതയുള്ളതാണ്. ഈ കാലയളവില്‍ വ്യക്തികള്‍ക്ക് പരിധിയില്ലാതെ യുകെയില്‍ യാത്ര ചെയ്യാം.

വിനോദസഞ്ചാരം, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍, നിക്ഷേപം, അല്ലെങ്കില്‍ ഹ്രസ്വവും പരിമിതവുമായ കാലയളവിലേക്കുള്ള പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രോണിക് യാത്രാ അംഗീകാരം കുറഞ്ഞ കാലയളവിലേക്ക് ആയിരിക്കും. ഓരോ യാത്രയ്ക്കും ആറ് മാസത്തില്‍ കൂടുതല്‍ കാലയളവ് അനുവദിക്കില്ല.

Tags:    

Similar News