അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുടെ ഉപഭോക്തൃ ഡാറ്റയില്‍ വര്‍ദ്ധന
- ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ശമ്പള ഡാറ്റ ഉള്‍പ്പെടുത്തണം
- ക്രെഡിറ്റ് റിപ്പോര്‍ട്ടുകളുടെ ആവശ്യകത വര്‍ദ്ധിച്ചു
- 2015 ല്‍ ആരംഭിച്ചതുമുതല്‍ ഒരു ദശലക്ഷം അഭ്യര്‍ത്ഥനകളാണ് പ്രോസസ് ചെയ്തത്
പ്രതിമാസ ശമ്പള വിവരങ്ങള്‍ അടങ്ങിയ ക്രെഡിറ്റ് റിപ്പോര്‍ട്ടുകളുള്ള ഉപഭോക്താക്കളുടെ എണ്ണം 2024 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തില്‍ 3.71 ദശലക്ഷത്തില്‍ എത്തിയതായി അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ അറിയിച്ചു. ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്കും മൂല്യനിര്‍ണയത്തിനുമുള്ള ആവശ്യകത വര്‍ദ്ധിച്ചതായി അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹമ്മദ് ലോത്ഫി പറഞ്ഞു. 2015 ല്‍ ആരംഭിച്ചതുമുതല്‍ ഒരു ദശലക്ഷം അഭ്യര്‍ത്ഥനകളാണ് പ്രോസസ് ചെയ്തത്. 2023ല്‍ ഇത് 10 ദശലക്ഷത്തിലധികം ഉയര്‍ന്നു.
തുടക്കത്തില്‍ ബാങ്കുകള്‍ക്ക് മാത്രമാണ് അല്‍ എത്തിഹാദ് സേവനം നല്‍കിയിരുന്നത്. പിന്നീട് സാമ്പത്തികം,ഉപഭോക്താവ്,സര്‍ക്കാര്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലേക്ക് ഡേറ്റയും പരിഹാരങ്ങളും പ്രോഡക്ടുകളും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി നല്‍കിയ മൊത്തം ക്രെഡിറ്റ് റിപ്പോര്‍ട്ടുകളുടേയും മൂല്യനിര്‍ണയങ്ങളുടേയും 20 ശതമാനവും ഈ മേഖലകളില്‍ നിന്നായിരുന്നു.
ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, ഫെഡറല്‍, ലോക്കല്‍ സ്റ്റേറ്റ് കോടതികള്‍, ഇത്തിഹാദ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി, അബുദാബി, അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയ പ്രമുഖ യൂട്ടിലിറ്റികള്‍ ഉള്‍പ്പെടെ 101 സ്ഥാപനങ്ങളില്‍ നിന്ന് ഇപ്പോള്‍ ബ്യൂറോ ക്രെഡിറ്റ് വിവരങ്ങള്‍ സ്വീകരിക്കുന്നു. ഈ വിപുലമായ ഡാറ്റാ ശേഖരണം, അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിലും നയങ്ങളും നടപടിക്രമങ്ങളും പരിഷ്‌ക്കരിക്കുന്നതിലും ധനകാര്യ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും പിന്തുണയ്ക്കുന്ന, ക്രെഡിറ്റ് യോഗ്യതയെ കൂടുതല്‍ സമഗ്രമായി വിലയിരുത്താനുള്ള ബ്യൂറോയുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.
ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്റ്റാറ്റസിന്റെ പൂര്‍ണമായ ചിത്രം ലഭിക്കുന്നതിന് ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ശമ്പള ഡേറ്റ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ലോത്ഫി ഊന്നിപ്പറഞ്ഞു. സാമ്പത്തിക പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള ഒരു വ്യക്തിയുടെ കഴിവ് കൃത്യമായി വിലയിരുത്തുന്നതിന് ഇവ സഹായിക്കുന്നു. അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വിശദമായ ക്രെഡിറ്റ് റിപ്പോര്‍ട്ടുകളും റേറ്റിംഗുകളും നല്‍കുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു വ്യക്തിയോ കമ്പനിയോ സാമ്പത്തിക ബാധ്യതകളില്‍ വീഴ്ച വരുത്താനുള്ള സാധ്യത പ്രവചിക്കുന്നതിനാണ് ക്രെഡിറ്റ് റേറ്റിംഗ് മൂന്നക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. റേറ്റിംഗുകള്‍ 300 മുതല്‍ 900 വരെയാണ്.