വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു; വേനലവധി യാത്ര പ്രവാസിക്ക് പൊള്ളലാവും

  • ദുബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് 2000 മുതല്‍ 3200 ദിര്‍ഹം വരെ
  • ഗോ ഫസ്റ്റ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതും ബുദ്ധിമുട്ടിലാക്കി
  • ഇന്‍ഡിഗോ, സ്‌പൈസ് കമ്പനികൾക്കും കൂടിയ നിരക്കുകൾ

Update: 2023-05-24 09:57 GMT

ദുബൈ: വേനലവധി യാത്ര മലയാളിക്ക് പൊള്ളും.വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ന്നതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ പ്രയാസത്തിലായത്. സീസണ്‍ കാലങ്ങളില്‍ വിമാനയാത്രാ നിരക്കുകള്‍ കരുണയില്ലാതെ കുത്തനെ ഉയര്‍ത്തുന്ന നടപടി നേരത്തെയും ഉണ്ടായിട്ടുണ്ട്. പ്രവാസി സംഘടനകളും മറ്റും ഭരണാധികാരികളുടെ ശ്രദ്ധയില്‍ ഇതു പെടുത്തുമ്പോള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുമെന്നല്ലാതെ നടപടികള്‍ ഉണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് സാധാരണക്കാരായ പ്രവാസികള്‍ ഇപ്പോഴും പരിതപിക്കുന്നു.

നിലവില്‍ ഇന്ത്യന്‍ സെക്ടറില്‍ വിമാന നിരക്ക് കുതിച്ചുയരുകയാണ്. ദുബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് 2000 മുതല്‍ 3200 ദിര്‍ഹം വരെ ഉയര്‍ന്നുവെന്നാണ് അറിയുന്നത്. ജൂണ്‍ 28 ന് ബലിപെരുന്നാളാവാന്‍ സാധ്യതയുള്ളതിനാല്‍ യു.എ.ഇയില്‍ ഒരാഴ്ച അവധി ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ നാടുപിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്. ജൂണ്‍ അവസാനത്തോടെ വേനലവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ കുടുംബസമേതം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്.

എന്നാല്‍ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് ഇവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാറുകയാണ്. ജൂണ്‍ അവസാന വാരം മുതല്‍ ബജറ്റ് വിമാന കമ്പനികളുടെ ടിക്കറ്റിനു വരെ രണ്ടായിരമോ അതിലേറെയോ ചെലവിടേണ്ട അവസ്ഥയാണുള്ളത്. ഇന്‍ഡിഗോ, സ്‌പൈസ് കമ്പനികളും 2000 ദിര്‍ഹം മുതല്‍ 3200 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്.

കണ്ണൂരില്‍ നിന്ന് ദുബൈയിലേക്കും ഷാര്‍ജയിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കണ്ണൂരിലെ പ്രവാസികള്‍ ഏറെ പ്രയാസത്തിലാവും. ഗോ ഫസ്റ്റ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ആ വിമാനത്തില്‍ ടിക്കറ്റ് എടുത്തവരും കുരുങ്ങി. എയര്‍ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് അവസാനം മുതല്‍ പൂര്‍ണമായും നിര്‍ത്തിയത് മലബാറിലെ പ്രവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കയാണ്.

Tags:    

Similar News