ഷാര്‍ജയില്‍ ഒരിടത്തുകൂടി സിറ്റി ചെക്ക് ഇന്‍ സംവിധാനവുമായി എയര്‍ അറേബ്യ
- എയര്‍ അറേബ്യ ഷാര്‍ജയില്‍ ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ സിറ്റി ചെക്ക് ഇന്‍ സംവിധാനമാണ്
- രാവിലെ പത്ത് മുതല്‍ രാത്രി 11 വരെ ഇവിടെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഏല്‍പിച്ച് ബോര്‍ഡിങ് പാസ് കൈപ്പറ്റാം
- ജ്മാന്‍, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും സമാനമായ സൗകര്യം
എയര്‍ അറേബ്യ ഷാര്‍ജയില്‍ ഒരിടത്തുകൂടി സിറ്റി ചെക്ക് ഇന്‍ സംവിധാനം ഒരുക്കി. തങ്ങളുടെ യാത്രക്കാര്‍ക്കായാണ് വിമാനക്കമ്പനി ചെക്ക് ഇന്‍ സംവിധാനം ആരംഭിച്ചത്. അല്‍മുസല്ലയിലെ മതാജിര്‍ ഷോപ്പിങ് കേന്ദ്രത്തിലാണ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുമ്പേ, ലഗേജ് നല്‍കി ബോര്‍ഡിങ് പാസ് എടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. എയര്‍ അറേബ്യ ഷാര്‍ജയില്‍ ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ സിറ്റി ചെക്ക് ഇന്‍ സംവിധാനമാണ് മുസല്ലയിലെ മതാജിര്‍ ഷോപ്പിങ് കേന്ദ്രത്തിലേത്.
ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി 11 വരെ ഇവിടെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഏല്‍പിച്ച് ബോര്‍ഡിങ് പാസ് കൈപ്പറ്റാന്‍ സാധിക്കും. വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനുമാണ് സിറ്റി ചെക്ക് ഇന്‍ കൗണ്ടറുകള്‍ ഒരുക്കുന്നത്.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മുതല്‍ എട്ട് മണിക്കൂര്‍ മുമ്പ് വരെ ഇവിടങ്ങളില്‍ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം. ഷാര്‍ജയില്‍ സഫീര്‍ മാള്‍, മുവൈല അല്‍ മദീന ഷോപ്പിങ് സെന്ററിന് എതിര്‍വശം എന്നിവിടങ്ങളില്‍ നേരത്തേതന്നെ സിറ്റി ചെക്ക് ഇന്‍ സംവിധാനമുണ്ട്. അജ്മാന്‍, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും സമാനമായ സൗകര്യം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.