എല്‍എന്‍ജി: അഡ്‌നോക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ധാരണയായി
- ധാരണയിലായത് 72600 കോടി രൂപയുടെ കരാർ
- ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസുമായും അഡ്‌നോക് ധാരണയിലായി
- 2030ഓടെ പ്രകൃതി വാതക സംഭരണത്തിന്റെ അളവ് ഇരട്ടിയാക്കാൻ ഇന്ത്യയുടെ ആലോചന
യുഎഇയുടെ അഡ്‌നോക് ഗ്യാസും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഒപ്പിട്ടു. ഏകദേശം 72,600 കോടി രൂപ മൂല്യമുള്ളതാണ് കരാര്‍. 14വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം അഡ്‌നോക് 12 ലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും.
അഡ്‌നോക്കുമായി ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ദീര്‍ഘകാലത്തേക്ക്ഗ്യാസ് വാങ്ങുന്നതിന് കരാറിലെത്തുന്നത്. കരാര്‍ സുപ്രധാനമായ നാഴികക്കല്ലാണെന്നും ആഗോളതലത്തില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ഇടങ്ങളിലേക്ക് വികസിക്കുകയാണെന്നും അഡ്‌നോക് ഗ്യസ് സിഇഒ അഹ്മദ് അല്‍ഇബ്രി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായുള്ള സഹകരണം കൂടുതല്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസുമായും അഡ്‌നോക് മൂന്നുവര്‍ഷത്തെ ഗ്യാസ് വിതരണ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ, വാതക വ്യാപാരത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം ജിസിസി എണ്ണയുല്‍പാദക രാജ്യങ്ങളിലെ സാമ്പത്തിക മേഖലയിലെ അഭിവൃദ്ധിയും ശ്രദ്ധേയമാണ്. 2030ഓടെ പ്രകൃതി വാതക സംഭരണത്തിന്റെ അളവ് ഇരട്ടിയാക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.