10 ബില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ നിക്ഷേപം ആസൂത്രണം ചെയ്ത് അബുദാബി

  • അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായി ഹോട്ടല്‍ മുറികളുടെ എണ്ണം നിലവിലെ 34,000 ത്തില്‍ നിന്ന് 52,000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു
  • 2030ഓടെ രാജ്യാന്തര ഒറ്റരാത്രി സന്ദര്‍ശകരുടെ എണ്ണം 7.2 മില്യണ്‍ എന്ന ലക്ഷ്യത്തിലെത്തും
  • അബുദാബിയുടെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം 3.1 ശതമാനം വളര്‍ന്ന് 2023 ല്‍ 1.14 ട്രില്യണ്‍ ദിര്‍ഹം ആയി

Update: 2024-04-03 12:06 GMT

അബുദാബിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 10 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. പുതിയ ടൂറിസം തന്ത്രത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് എമിറേറ്റ്‌സ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് (ഡിസിടി) ചെയര്‍മാന്‍ പറഞ്ഞു. അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായി ഹോട്ടല്‍ മുറികളുടെ എണ്ണം നിലവിലെ 34,000 ത്തില്‍ നിന്ന് 52,000 ആയി ഉയര്‍ത്താനും എമിറേറ്റ് ലക്ഷ്യമിടുന്നതായി മുഹമ്മദ് അല്‍ മുബാറക് അല്‍ പറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഡിസിടി അബുദാബിയുടെ പ്രധാന പങ്കാളികളില്‍ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്, അബുദാബി എയര്‍പോര്‍ട്ട് കമ്പനി എന്നിവയും മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. 2030ഓടെ രാജ്യത്തിന്റെ ജിഡിപിയിലേക്ക് പ്രതിവര്‍ഷം 90 ബില്യണ്‍ ദിര്‍ഹം (24.5 ബില്യണ്‍ ഡോളര്‍) കൂട്ടിച്ചേര്‍ക്കാനും ലക്ഷ്യമിടുന്നു. പ്രതിവര്‍ഷം 39.3 ദശലക്ഷം സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും പദ്ധതിയിടുന്നു. 7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്. എമിറേറ്റില്‍ 178,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ ടൂറിസം തന്ത്രം ആവശ്യപ്പെടുന്നു. അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ടൂറിസം,ഹോസ്പിറ്റാലിറ്റി മേഖലയിലെ മൊത്തം തൊഴിലവസരങ്ങളുടെ എണ്ണം ഏകദേശം 3,66,000 ആയി ഉയര്‍ത്തും.

അടിസ്ഥാന സൗകര്യ വികസനത്തില്‍ (മ്യൂസിയങ്ങള്‍,തീം പാര്‍ക്കുകള്‍) വന്‍ നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്. 2030 വരെ 10 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അബുദാബിയിലേക്ക് വരുന്ന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഗഗ്ഗന്‍ഹൈം മ്യൂസിയം. കൂടാതെ വാര്‍ണര്‍ ബ്രോസ് വേള്‍ഡിന്റെ വിപുലീകരണം, അതിനുള്ളിലെ ഹാരി പോട്ടര്‍ വേള്‍ഡിന്റെ വികസനം, സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്, സ്‌പോര്‍ട്‌സിനും സാഹസികതയ്ക്കുമായി ഹുദയ്രിയത്ത് ദ്വീപ്, യാസ് വാട്ടര്‍ വേള്‍ഡിന്റെ മെച്ചപ്പെടുത്തല്‍ എന്നിവ. കൂടാതെ, അല്‍ ഐനില്‍ ഒരു മൃഗശാലയുടെയും മറ്റ് ടൂറിസം വേദികളുടെയും വികസനം നടന്നുകൊണ്ടിരിക്കുകയാണ്, അതുപോലെ തന്നെ നമ്മോസ്, മോണ്ട്രിയന്‍ എന്നിവയുള്‍പ്പെടെയുള്ള പുതിയ ഹോട്ടല്‍ ശൃംഖലകളും വികസിപ്പിക്കും. കൂടാതെ നാല് പഞ്ചനക്ഷത്ര ബീച്ച് ഡെസ്റ്റിനേഷന്‍ ഹോട്ടലുകള്‍ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നു. 2030ഓടെ രാജ്യാന്തര ഒറ്റരാത്രി സന്ദര്‍ശകരുടെ എണ്ണം 7.2 മില്യണ്‍ എന്ന ലക്ഷ്യത്തോടെയാണ് ഇവ ലക്ഷ്യമിടുന്നത്, ഇത് 2023ല്‍ കണക്കാക്കിയ 3.8 ദശലക്ഷത്തേക്കാള്‍ 90 ശതമാനം കൂടുതലാണെന്ന് ഡിസിടി അബുദാബി അറിയിച്ചു.

അബുദാബി തങ്ങളുടെ എണ്ണ ഇതര സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വ്യോമയാനം, സാങ്കേതികവിദ്യ, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുടനീളം നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വിപുലീകരിക്കുന്നു. അബുദാബിയുടെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം 3.1 ശതമാനം വളര്‍ന്ന് 2023 ല്‍ 1.14 ട്രില്യണ്‍ ദിര്‍ഹം ആയി, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ അബുദാബി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ അംഗീകരിച്ച ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളും ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Tags:    

Similar News