ദുബായ് വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയത് 1244 ഫ്‌ലൈറ്റുകള്‍;സര്‍വീസ് പുനരാരംഭിക്കാന്‍ നീക്കം
- മഴ കാരണം ദുബായ് വിമാനത്താവളത്തിലിറങ്ങേണ്ട 41 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
- ടെര്‍മിനല്‍ 3 യില്‍ ചെക്ക് ഇന്‍ തുറന്നു
- സര്‍വീസ് തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ലൈനുകള്‍
യുഎഇയില്‍ മഴ ശമിച്ചതോടെ കാലാവസ്ഥ മെച്ചപ്പെട്ടു. ഇന്ന് രാജ്യത്തെവിടെയും മഴ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം നിറഞ്ഞതിനാല്‍ 1,244 വിമാന സര്‍വീസുകളാണ് റദ്ദ് ചെയ്തത്. ദുബായില്‍ ഇറങ്ങേണ്ട 41 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാവിലെയോടെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ല്‍ നിന്ന് ഭാഗികമായ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെര്‍മിനലില്‍ റീബുക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ല. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി.
ഇന്‍ബൗണ്ട് ഫ്‌ലൈറ്റ് സര്‍വീസ് ടെര്‍മിനല്‍ 1 ല്‍ നിന്ന് പുനരാരംഭിച്ചു. ടെര്‍മിനല്‍ 3 യില്‍ നിന്ന് സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ്,ഫ്‌ലൈദുബായ് വിമാനങ്ങള്‍ക്കായി ദുബായ് വിമാനത്താവളം ചെക്ക് ഇന്നുകള്‍ വീണ്ടും തുറന്നതായി എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. നിലവില്‍ ടെര്‍മിനല്‍ 3 ചെക്ക് ഇന്‍ ഏരിയയില്‍ അതിഥികള്‍ കൂടുതലാണ്. എയര്‍ലൈനില്‍ നിന്ന് വിവരം ലഭിച്ചാല്‍ മാത്രമേ ടെര്‍മിനല്‍ 3 യിലേക്ക് വരേണ്ടതുള്ളൂ.
കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഫ്‌ലൈറ്റിന് കാലതാമസം നേരിട്ടതില്‍ ഖേദിക്കുന്നതായും പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കുന്നതായും എമിറേറ്റ്‌സ് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കായി കഠിന പ്രയത്‌നം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.