1 കോടി പിഴ 20 ലക്ഷമാക്കി എസ്എടി; ഐഐഎഫ്എല്‍-ന് ആശ്വാസം

Update: 2023-12-08 06:04 GMT

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പുതിയ ക്ലയന്റുകളെ സ്വീകരിക്കുന്നത് രണ്ട് വര്‍ഷത്തേക്ക് വിലക്കിക്കൊണ്ടുള്ള മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) റദ്ദാക്കി. കൂടാതെ ബ്രോക്കറേജ് ഹൗസില്‍ നിന്ന് ഈടാക്കിയ പിഴ ഒരു കോടി രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തു.

നേരത്തെ ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ജൂണില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഉത്തരവ്. ക്ലയന്റ് ഫണ്ടുകളുടെ ദുരുപയോഗം ആരോപിച്ചാണ് രണ്ട് വര്‍ഷത്തേക്ക് പുതിയ ക്ലയന്റുകളെ ഏറ്റെടുക്കുന്നതില്‍ നിന്ന്് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിനെ സെബി വിലക്കിയത്.

ക്ലയന്റ് ഫണ്ട് ദുരുപയോഗം

ക്ലയന്റ് ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും 2016 ലെ സര്‍ക്കുലര്‍ പ്രകാരം ബാങ്ക് ഗ്യാരണ്ടിയുടെ ഫണ്ട് ചെയ്യാത്ത ഭാഗം തെറ്റായി പരിഗണിച്ചതാണെന്നും എസ്എടി പ്രിസൈഡിംഗ് ഓഫീസര്‍ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയും ടെക്നിക്കല്‍ അംഗം മീര സ്വരൂപും പറഞ്ഞു. കൂടാതെ, ഉപഭോക്താവിന്റെ പണം വേര്‍തിരിക്കുന്നതില്‍ അപ്പീലിന്റെ (ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്) ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അതില്‍ പറയുന്നു. ഈ പണം അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തിട്ടില്ല. അതിനാല്‍ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്ട് (എസ്സിആര്‍എ) പ്രകാരം ഒരു പിഴയും ചുമത്താന്‍ കഴിയില്ല, ഉത്തരവില്‍ പറയുന്നു.

എന്നിരുന്നാലും, 1993-ലെ സര്‍ക്കുലര്‍ പ്രകാരം ചെയ്യേണ്ടതനുസരിച്ച് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടുകളുടെ നാമകരണം മാറ്റുന്നതില്‍ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പരാജയപ്പെട്ടുവെന്ന് അപ്പീല്‍ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇത് ഒരു 'സാങ്കേതിക ലംഘനം' ആണെന്നും അപ്പീല്‍ക്കാരന്‍ ക്ലയന്റ് ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇത് സാങ്കേതിക ലംഘനം മാത്രമാണെന്ന് പരിഗണിച്ച ട്രൈബ്യൂണല്‍, മൊത്തം 20 ലക്ഷം രൂപ പിഴയടച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

സെബി, ജൂണില്‍ പാസാക്കിയ ഉത്തരവില്‍, ഐഐഎഫ്എല്‍ അതിന്റെ ഫണ്ട് ക്ലയന്റുകളുടെ ഫണ്ടുകളില്‍ നിന്ന് വേര്‍തിരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു പ്രധാന ആരോപണം.

2011 ഏപ്രില്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള ഡെബിറ്റ് ബാലന്‍സ് ക്ലയന്റുകളുടെ ഉടമസ്ഥതയിലുള്ള ട്രേഡുകളുടെ സെറ്റില്‍മെന്റിനായി അതിന്റെ ക്രെഡിറ്റ് ബാലന്‍സ് ക്ലയന്റുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് സെബി കണ്ടെത്തി. 2017 മാര്‍ച്ചിലെ പരിശോധനയില്‍ 2014 ജൂണ്‍, 2015-16, 2016-17 കാലയളവിലെ പ്രസ്തുത ലംഘനങ്ങള്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടു.

2011 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവില്‍ ഐഐഎഫ്എല്ലിന്റെ അക്കൗണ്ട് ബുക്കുകള്‍ സെബി ഒന്നിലധികം തവണ പരിശോധിച്ചതിന് പിന്നാലെയാണ് ഉത്തരവ് വന്നിരുന്നത്.

Tags:    

Similar News