ടിവി പരിപാടിയിലൂടെ ഓഹരി ശുപാര്‍ശ; പിടിമുറുക്കി സെബി
- 2022 ഫെബ്രുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള 11 മാസമാണ് കേസിനാസ്പദമായ പരിപാടി സംപ്രേക്ഷണം ചെയ്തത്
- 7.41 കോടി രൂപയുടെ അനധികൃത ലാഭം സ്ഥാപനങ്ങള്‍ നേടിയെന്നും മുന്‍കൂര്‍ ധാരണ പ്രകാരം ലാഭം അതിഥി വിദഗ്ധരുമായി പങ്കിട്ടെന്നും സെബി
ടിവി പരിപാടിയിലൂടെ ഓഹരികള്‍ ശുപാര്‍ശ ചെയ്ത അതിഥികള്‍ ഉള്‍പ്പൈ 10 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സെബി. ഓഹരികളില്‍ കൃത്രിമം നടന്നതോയി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വ്യക്തികളേയും സ്ഥാപനങ്ങളേയും വിലക്കിയ സെബി അനധികൃത ലാഭമായി കണക്കാക്കിയ 7.41 കോടി രൂപ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചു. സീ ബിസിനസിനാണ് കുടുക്കു വീണിരിക്കുന്നത്. അതിഥികളായെത്തിയ ചിലര്‍ ലാഭം ഉണ്ടാക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ പരിപാടിയിലൂടെ ശുപാര്‍ശ ചെയ്തതായി സെബി കണ്ടെത്തി.
അതിഥി വിദഗ്ധരായ കിരണ്‍ ജാദവ്, ആശിഷ് കേല്‍ക്കര്‍, ഹിമാന്‍ഷു ഗുപ്ത, മുദിത് ഗോയല്‍, സിമി ഭൗമിക് എന്നിവര്‍ നല്‍കിയ സ്റ്റോക്ക് ശുപാര്‍ശകളുടെ മുന്‍കൂര്‍ വിവരങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മല്‍ കുമാര്‍ സോണി, പാര്‍ത്ഥ സാരഥി ധര്‍, സാര്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, മനന്‍ ഷെയര്‍കോം പ്രൈവറ്റ് ലിമിറ്റഡ്, കന്യ ട്രേഡിംഗ് കമ്പനി എന്നിവ ഇടപാടുകള്‍ നടത്തി ലാഭമുണ്ടാക്കിയതായി സെബി അതിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
ഇത്തരം ഇടപാടുകളില്‍ നിന്ന് 7.41 കോടി രൂപയുടെ അനധികൃത ലാഭം സ്ഥാപനങ്ങള്‍ നേടിയെന്നും മുന്‍കൂര്‍ ധാരണ പ്രകാരം ലാഭം അതിഥി വിദഗ്ധരുമായി പങ്കിട്ടെന്നും സെബി ചൂണ്ടിക്കാട്ടി. അടുത്ത ഉത്തരവുകള്‍ വരെ ഏതെങ്കിലും വിധത്തില്‍ നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റികള്‍ വാങ്ങുകയോ വില്‍ക്കുകയോ ഇടപാട് നടത്തുകയോ ചെയ്യുന്നതില്‍ നിന്ന് 10 സ്ഥാപനങ്ങളെയും സെബി വിലക്കി.
കൂടാതെ, ചാനൽ ചർച്ചക്കായെത്തിയ വിദഗ്ധരുമായും ബന്ധപ്പെട്ട ഷോകളുമായും ബന്ധപ്പെട്ട എല്ലാ രേഖകളും ഡോക്യുമെന്റുകളുടെ വീഡിയോ റെക്കോര്‍ഡുകളും അവയുടെ ഉള്ളടക്കത്തോടൊപ്പം അന്തിമ ഉത്തരവ് പാസാക്കുന്നതുവരെ സംരക്ഷിക്കാനും പരിപാലിക്കാനും സീ മീഡിയ കോര്‍പ്പറേഷനോട് റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.