ആവശ്യ മരുന്നുകളുടെ വില കേന്ദ്രം കൂട്ടി, ഏപ്രില്‍ 1 മുതല്‍ 12.12 ശതമാനം വര്‍ധന

  • അവശ്യ മരുന്നുകളുടെ വില 12.12 ശതമാനം കൂടും
  • അലോപ്പതിക് മരുന്നുകൾക്ക് മാത്രമാണ് വർധന ബാധകം
  • 384 അവശ്യ മരുന്നുകൾക്ക് പുതുക്കിയ നിരക്ക് ബാധകം
  • ഏപ്രിൽ ഒന്ന് മുതൽ നിരക്ക് പ്രാബല്യത്തിൽ

Update: 2023-03-29 11:43 GMT


ആവശ്യ മരുന്നുകളുടെ വില കേന്ദ്രം കൂട്ടി, ഏപ്രില്‍ 1 മുതല്‍ 12.12 ശതമാനം വര്‍ധന

അവശ്യ മരുന്നുകളുടെ വില 12.12 ശതമാനം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ക്കാണ് നാഷണല്‍ ലിസ്റ്റ് ഓഫ് എസ്സെന്‍ഷ്യല്‍ മെഡിസിന്‍സില്‍ (എന്‍എല്‍ഇഎം ) ഉള്‍പ്പെട്ട 384 അവശ്യ മരുന്നുകളുടെ വില ഉയര്‍ത്തുന്നത്.

വേദന സംഹാരികള്‍, ആന്റി ഇന്‍ഫെക്ടിവ്, കാര്‍ഡിയാക് മരുന്നുകള്‍ എന്നിവയ്ക്കെല്ലാം വില കൂടും. മാര്‍ച്ച് 27 നാണ് നാഷണല്‍ ഫാര്‍മസ്യുട്ടികള്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വില ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മൊത്ത വിലസൂചികയുമായി ബന്ധപ്പെടുത്തി പണപ്പെരുപ്പം ഉയരുന്നതനുസരിച്ചാണ് വില വര്‍ധിപ്പിക്കുന്നതെന്ന് എന്‍പിപിഎ വ്യക്തമാക്കി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തവില സൂചികയില്‍ 12.12 ശതമാനമാണ് വ്യത്യാസം. കൂടാതെ, ഡിപിസിഒ 2013 പ്രകാരം 25 മരുന്നുകള്‍ക്ക് റീട്ടെയ്ല്‍ വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ പാരസെറ്റമോള്‍ ഗുളികകള്‍ക്ക് 5.53 രൂപയും കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് കാപ്‌സ്യൂളിന് 20.72 രൂപയുമാണ് പുതുക്കിയ നിരക്ക്.

അരിസ്റ്റോ ഫാര്‍മ, വോക്കാര്‍ഡ്, സിപ്ല, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, സൈഡസ് ഹെല്‍ത്ത് കെയര്‍, ലുപിന്‍, ടോറന്റ്, മാന്‍കൈന്‍ഡ്, അലംബിക്, സണ്‍ ഫാര്‍മ, അബോട്ട് എന്നിങ്ങനെ എല്ലാ കമ്പനികളും പുതുക്കിയ വില നടപ്പിലാക്കും.

ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വിലയില്‍ നോണ്‍-ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വിലയേക്കാള്‍ വര്‍ധനവുണ്ടാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വില വര്‍ദ്ധനവ് 800-ലധികം അവശ്യ മരുന്നുകളെയും മെഡിക്കല്‍ ഉപകരണങ്ങളെയും ബാധിക്കും.

Tags:    

Similar News