അധികം റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല; ഏത് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും

  • സമയവും പണവും നഷ്ടപ്പെടാതെ കൃത്യമായി നിങ്ങളുടെ പണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്‌

Update: 2023-03-30 05:00 GMT

വിരമിക്കല്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ക്കായുള്ള മികച്ച മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. വിവിധ ലക്ഷ്യങ്ങളും വിവിധ റിസ്‌ക് പ്രൊഫൈലുമുള്ള നിക്ഷേപകരുണ്ടാകും. ആരെങ്കിലും തരുന്ന ഉപദേശം കേട്ട് ഏതെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയാല്‍ സമയവും പണവും നഷ്ടപ്പെടുന്നത് മാത്രമാകും മിച്ചം. ഇതിനായി വിവിധ തരം മ്യൂച്വല്‍ ഫണ്ടുകളെ പറ്റി അറിയണം. ഇതിന് സഹായകമാകുന്ന വിവരങ്ങള്‍ നോക്കാം.

അസറ്റ് ക്ലാസ് അടിസ്ഥാനമാക്കിയുള്ള തരംതിരിവ്

നിക്ഷേപിക്കുന്ന അസറ്റ് ക്ലാസിനെ അടിസ്ഥാനമാക്കി മ്യൂച്വല്‍ ഫണ്ടുകളെ ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ബാലന്‍സ്ഡ് ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ എവിടെ നിക്ഷേപിക്കുന്നു എന്ന മനസിലാക്കുന്നത് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ഇക്വിറ്റി ഫണ്ടുകള്‍ കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം നേടാനുള്ള അവസരം ഇക്വിറ്റി ഫണ്ടിലുണ്ട്. ഇതിനാല്‍ തന്നെ ഇക്വിറ്റി ഫണ്ടുകള്‍ക്കുള്ള അപകട സാധ്യത കൂടുതലാണ്.

ഡെറ്റ് ഫണ്ടുകള്‍ സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, മറ്റ് ഡെറ്റ് ഉപകരണങ്ങള്‍ തുടങ്ങിയ സ്ഥിര വരുമാന സെക്യൂരിറ്റികളിലാണ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഇക്വിറ്റി ഫണ്ടുകളേക്കാള്‍ കുറഞ്ഞ റിസ്‌കും സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ആദായവും ഡെറ്റ് ഫണ്ടുകളുടെ പ്രത്യേകതയാണ്.

ബാലന്‍സ്ഡ്/ഹൈബ്രിഡ് ഫണ്ടുകള്‍ ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകള്‍ എന്നിവയുടെ സംയോജനമാണ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇക്വിറ്റിയിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപം ഉണ്ടായിരിക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം പര്യാപ്തമായ വരുമാനവും ലഭിക്കും. റിസ്‌കും റിവാര്‍ഡും സന്തുലിതമാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

കൊമേഷ്യല്‍ പേപ്പര്‍, ട്രഷറി ബില്ലുകള്‍ എന്നി ലിക്വിഡ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് മണി മാര്‍ക്കറ്റ് ഫണ്ടുകള്‍. ഈ ഫണ്ടുകളില്‍ പലിശ റിസ്‌ക്, ക്രെഡിറ്റ് റിസ്‌ക്, റീഇന്‍വെസ്റ്റ്മെന്റ് റിസ്‌ക് എന്നിവയുണ്ട്.

നിക്ഷേപ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള തരം തിരിവ്

പെന്‍ഷന്‍, നികുതി ലാഭിക്കല്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ നിക്ഷേപിക്കുന്നവരുണ്ടാകും. ഇത്തരകാര്‍ക്ക് സഹായമാകുന്ന മ്യൂച്വല്‍ ഫണ്ട് പ്ലാനുകള്‍ നോക്കാം.

ഗ്രോത്ത് ഫണ്ടുകള്‍: കാലക്രമേണ വളരുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരികളില്‍ നിക്ഷേപിച്ച് മൂലധന നേട്ടം ഉണ്ടാക്കുകയാണ് ഗ്രോത്ത് ഫണ്ടുകള്‍ ലക്ഷ്യമിടുന്നത്. ദീര്‍ഘകാല വളര്‍ച്ചയ്ക്ക് സാധ്യതയുള്ള കമ്പനികളിലാണ് ഇത്തരം ഫണ്ടുകളുടെ നിക്ഷേപം.

ലിക്വിഡ് ഫണ്ടുകള്‍: ട്രഷറി ബില്ലുകള്‍, കൊമേഷ്യല്‍ പേപ്പര്‍ മുതലായ ഹ്രസ്വകാല പദ്ധതികളിലാണ് ഇവ നിക്ഷേപം നടക്കുന്നത്. പേര് പോലെ ഉയര്‍ന്ന ലിക്വിഡിറ്റി നല്‍കുന്ന ഇവ ഹ്രസ്വകാലയളവിലേക്കുള്ള നിക്ഷേപമാണ്.

പെന്‍ഷന്‍ ഫണ്ട്: ദീര്‍ഘകാലാടിസ്ഥാനത്തില്‍, നിക്ഷേപകന്‍ വിരമിക്കുമ്പോഴേക്കും വരുമാനം നല്‍കുന്ന വിധത്തിലാണ് പെന്‍ഷന്‍ ഫണ്ട് നിക്ഷേപം നടത്തുന്നത്.

ഫിക്സഡ് മെച്യുരിറ്റി ഫണ്ട്: നിശ്ചിത കാലാവധി അടിസ്ഥാനമാക്കി നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച നിക്ഷേപമാണ് ഫിക്സഡ് മെച്യൂരിറ്റി ഫണ്ട്. ഈ ഫണ്ടുകള്‍ സ്‌കീമിന്റെ കാലാവധിക്ക് അനുസൃതമായി കാലാവധിയെത്തുന്ന ഡെബ്റ്റ് ഉപകരണങ്ങളിലാണ് നിക്ഷേപക്കുക. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ കാലാവധിയുള്ള ഫണ്ടുകളുണ്ട്.

ടാക്സ് സേവിംഗ് ഫണ്ട്: മ്യൂച്വല്‍ ഫണ്ടുകളില്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം ആണ് നികുതി ഇളവ് നല്‍കുന്ന നിക്ഷേപം. മൂന്ന് വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപം സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷത്തിന്റെ നികുതി ഇളവ് നല്‍കും.

Tags:    

Similar News