ഓഹരി വിപണിയില്‍ പുതു ഉയരങ്ങള്‍ തൊട്ട് ഐടിസി; പ്രതീക്ഷയോടെ ബ്രോക്കറേജുകൾ
- ഇന്ന് രാവിലെ ഓഹരിവില ഒരു ശതമാനത്തിലധികം ഉയര്‍ന്നതോടെ ഐടിസി ആദ്യമായി 402 രൂപ തൊട്ടു
- നിലവില്‍ 4,91,652 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം
- ഡിസംബര്‍ പാദത്തില്‍ 16,082 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയത്
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് ബിസിനസ് കരകയറിയതോടെ ഓഹരി വിപണിയില്‍ പുതു ഉയരങ്ങള്‍ തൊട്ട് ഐടിസി. ഇന്ന് രാവിലെ വ്യാപാരത്തിനിടെ ഓഹരിവില ഒരു ശതമാനത്തിലധികം ഉയര്‍ന്നതോടെ ഐടിസി ആദ്യമായി 400 രൂപ തൊട്ടു. രാജ്യത്തെ ഏറ്റവും വലിയ പുകയിലെ ഉല്‍പ്പന്ന നിര്‍മാതാക്കളായ കമ്പനിയുടെ ഈ തിരിച്ചുവരവ് നിക്ഷേപകര്‍ക്കും ആശ്വസമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാതിരുന്ന ഐടിസി നിക്ഷേപകര്‍ക്കിടയില്‍ ഏറെ ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു.
ആറ് മാസത്തിനിടെ 20 ശതമാനം നേട്ടം
കഴിഞ്ഞ ഒരു മാസത്തിനിടെ 6.5 ശതമാനത്തിന്റെ നേട്ടമാണ് ഐടിസി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ആറ് മാസത്തിനിടെ 20 ശതമാനത്തിന്റെ നേട്ടവും ഈ ഓഹരി കണ്ടു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് മൂന്ന് ശതമാനം മാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ഐടിസി ഇക്കാലയളവില്‍ 20 ശതമാനത്തിന്റെ റിട്ടേണ്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
മികച്ച പ്രവര്‍ത്തന പാദഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു വര്‍ഷത്തിനിടെ ഓഹരി വില 48 ശതമാനവും ഉയര്‍ന്നു. ഓഹരി വില പുതിയ ഉയരങ്ങളിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യവും കുതിച്ചുയര്‍ന്നു. നിലവില്‍ 4,91,652 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സിഗരറ്റ് ബിസിനസില്‍ വന്‍ തിരിച്ചുവരവാണ് കമ്പനി നടത്തിയത്. കൂടാതെ, ഐടിസിയുടെ ഹോട്ടല്‍ ബിസിനസിലും ഗണ്യമായ വളര്‍ച്ചയുണ്ടായി.
ഇതുകൂടാതെ, രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയുടെ കീഴില്‍ ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്‌ലോണ്‍, ക്ലാസ്‌മേറ്റ്‌സ് എന്നീ ബ്രാന്‍ഡുകളും വിപണിയിലുണ്ട്. ഇതുകൂടാതെ, ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയും ഐടിസിയുടെ കൈകളിലാണ്.
അവസാനമായി ഫലങ്ങള്‍ പുറത്തുവിട്ട ഡിസംബര്‍ പാദത്തില്‍ 16,082 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് സെപ്റ്റംബര്‍ പാദത്തില്‍ 17,159 കോടി രൂപയുടെയും ജൂണ്‍ പാദത്തില്‍ 17,133 കോടി രൂപയുടെയും വിറ്റുവരവ് കമ്പനി നേടിയിരുന്നു.
സ്റ്റോക്ക് ബ്രോക്കര്‍മാര്‍ നിര്‍ദേശിക്കുന്നത്
ഐടിസിയുടെ ഓഹരിവില ഇനിയും ഉയരുമെന്നാണ് വിവിധ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ നിര്‍ദേശിക്കുന്നത്. മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് 12-മാസത്തിൽ 450 രൂപയാണ് ഷെയര്‍ഖാനും മോത്തിലാല്‍ ഒസ്വാളും നിര്‍ദേശിക്കുന്ന ലക്ഷ്യവില.