പ്രാഥമിക വിപണിയിൽ ചരിത്ര മുന്നേറ്റം, 2023-ൽ അരങ്ങേറ്റം കുറിച്ചത് 240 കമ്പനികൾ

  • 240 കമ്പനികൾ സ്വരൂപിച്ചത് 57604.43 കോടി രൂപ
  • 58 മെയിൻ ബേർഡ് കമ്പനികളും 182 എസ്എംഇ കമ്പനികളും
  • കേരളത്തിൽ നിന്ന് ഇഷ്യൂവിനെത്തിയത് 2 കമ്പനികൾ

Update: 2023-12-30 12:07 GMT

ഇന്ത്യൻ പ്രാഥമിക വിപണിക്ക് 2023-ൽ ചരിത്ര നേട്ടം. നടപ്പ് വർഷം വിപണിയിലെത്തിയത് 240 കമ്പനികൾ. ഇതിൽ 58 മെയിൻ ബോർഡ് കമ്പനികളും 182 എസ്എംഇ കമ്പനികളും ഉൾപ്പെടുന്നു. മൊത്തം കമ്പനികൾ സമാഹരിച്ചത് 57604.43 കോടി രൂപ. ഇതിൽ മെയിൻ ബോർഡ് കമ്പനികൾ സ്വരൂപിച്ചത് 52637.18 കോടി രൂപയും എസ്എംഇ കമ്പനികൾ സ്വരൂപിച്ചത് 4967.25 കോടി രൂപയുമാണ്. നടപ്പ് വർഷം ലിസ്റ്റ് ചെയ്തത് 239 കമ്പനികളുടെ ഓഹരികളാണ്. ഇതിൽ 60 പ്രധാന കമ്പനികളും 179 എസ്എംഇ കമ്പനികളും ഉൾപ്പെടുന്നു. വിപണിയിലെ മികച്ച പ്രകടനങ്ങളെ തുടർന്ന് 2024-ൽ പ്രാഥമിക വിപണി ബുള്ളിഷായി തുടരുമെന്നാണ് വിദഗ്ധരുടെ വീക്ഷണം.  

കഴിഞ്ഞു പോയ വർഷങ്ങളിൽ 2017 ലായിരുന്നു ഏറ്റവും കൂടുതൽ കമ്പനികൾ വിപണിയിലെത്തിയത്, 173 കമ്പനികൾ. 2016  ൽ 169 കമ്പനികൾ ഐപിഒയുമായി എത്തിയപ്പോൾ  2022  ൽ 149 കമ്പനികളും, 2021 ൽ 122 കമ്പനികളും, 2007 ൽ 107 കമ്പനികളുമാണ്  ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 2012 മുതലായിരുന്നു എസ്എംഇ കമ്പനികൾ മാത്രമായി എക്സ്ചേഞ്ചുകളിൽ പുതിയ പ്ലാറ്റഫോം അവതരിപ്പിച്ചത്. എൻഎസ്ഇ എമെർജ്, ബിഎസ്ഇ എസ്എംഇ എന്നിവയാണത്.

കഴിഞ്ഞ വർഷം (2022) 149 കമ്പനികൾ സ്വരൂപിച്ചത് 61919 കോടി രൂപയാണ്. ഇതിനുള്ള പ്രധാന കാരണം 20,557 കോടി രൂപയുടെ ഇഷ്യൂവുമായി വിപണിയിലെത്തിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൽഐസിയാണ്. 2022ൽ സ്വരൂപിച്ച തുകയുടെ 35 ശതമാനം എൽഐസിയുടേതാണ്. 2021 ലായിരുന്നു പ്രാഥമിക വിപണിയിൽ നിന്നും ഓഹരി വില്പനയിലൂടെ ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. 122 കമ്പനികൾ സ്വരൂപിച്ചത് 1.2 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ പ്രാഥമിക വിപണിയിലെ ഏറ്റവും മികച്ച വർഷമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, 150-ലധികം മെയിൻബോർഡ് ഐപിഒകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നടപ്പ് വർഷം ഏറ്റവും വലിയ ഇഷ്യൂവുമായി വിപണിയിലെത്തിയത് മാൻകൈൻഡ് ഫാർമയുടെ ഐപിഒ യാണ് (4,326 കോടി രൂപ) തുടർന്ന് ടാറ്റ ടെക്‌നോളജീസ് (3,042 കോടി രൂപ), ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ (2,800 കോടി രൂപ), ആർകെ ലേബൽ (1,964 കോടി രൂപ), സെല്ലോ വേൾഡ് (1,900 രൂപ). 67 കോടി രൂപ സമാഹരിച്ച പ്ലാസ വയർ ഓഹരികളാണ് മെയിൻ ബാർഡിലെ ഏറ്റവും ചെറിയ ഐപിഒ.

മോട്ടിസൺസ് ജ്വല്ലേഴ്‌സ്, പ്ലാസ വയറുകൾ, ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ഐഡിയഫോർജ് ടെക്‌നോളജി എന്നിവയുൾപ്പെടെയുള്ള ചില ഇഷ്യൂകൾ മെയിൻ ബാർഡിൽ 100 ഇരട്ടിയിലധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതോടെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷൻ അനുപാതം ഈ വർഷം ഉയർന്ന നിലയിലാണ്. എസ്എംഇ സെഗ്‌മെന്റിലും മികച്ച സബ്‌സ്‌ക്രിപ്‌ഷനാണ് കാണാൻ സാധിച്ചത്. ട്രൈഡന്റ് ടെക് ലാബ്‌സ് 763 ഇരട്ടി, കഹാനി പാക്കേജിങ് 730 ഇരട്ടി, നേടി അവന്യു ടെക്നോളജി 511 ഇരട്ടി, ബെഞ്ച് മാർക്ക് കമ്പ്യൂട്ടർ 484 ഇരട്ടി എന്നിങ്ങനെ സബ്ക്രൈബ്ബ് ചെയ്യപ്പെട്ടു.

വ്യാവസായിക, ഉപഭോക്തൃ വിവേചനാധികാരം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ,മേഖലകളിൽ നിന്നാണ് മിക്ക കമ്പനികളും ഐപിഒയിലേക്ക് എത്തിയത്. ഇഷ്യൂകളുടെ എണ്ണത്തിന്റെയും സമാഹരിച്ച ഫണ്ടുകളുടെയും അടിസ്ഥാനത്തിൽ ഈ മേഖലകൾക്ക് മൊത്തത്തിൽ 50 ശതമാനത്തിലധികം പങ്കാളത്തിമുണ്ട്. കൂടാതെ, സാങ്കേതികവിദ്യ, ധനകാര്യ മേഖലകളിൽ നിന്നുള്ള കമ്പനികളും ഐപിഒയുമായി എത്തിയിട്ടുണ്ട്.

ഇഷ്യൂവിനെത്തിയ കമ്പനികളിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ നിന്നാണ്, 77 കമ്പനികൾ. ശേഷം, ഗുജറാത്ത് 51, ഡൽഹി 31, കർണാടക, തമിഴ്നാട് 12 വീതം, തെലുങ്കാന, രാജസ്ഥാൻ 9 വീതം, ഹരിയാന 5 എന്നിനാജിനെയും മറ്റു സംഥാനങ്ങളിൽ നിന്നും അഞ്ചിന് താഴെയുമാണ് കണക്കുകൾ വ്യെക്തമാകുന്നത്.

മെയിൻ ബോർഡ്

58 കമ്പനികളാണ് നടപ്പ് വർഷം പണം സമാഹരിക്കാൻ പ്രാഥമിക വിപണിലെത്തിയത്. ഇവയുടെ മൊത്തം വലുപ്പം 52637.18 കോടി രൂപയാണ്. ഏപ്രിൽ 25 ന് എത്തിയ മാൻകൈൻഡ് ഫാർമയാണ് ഇക്കൂട്ടത്തിൽ ഏറ്റവുൽ വലിയ ഇഷ്യൂ. കമ്പനി സ്വരൂപിച്ചത് 4326 കോടി രൂപയാണ്. ടാറ്റ ടെക്‌നോളജീസ് (3,042 കോടി രൂപ), ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ (2,800 കോടി രൂപ), ആർകെ ലേബൽ (1,964 കോടി രൂപ), സെല്ലോ വേൾഡ് (1,900 രൂപ) എന്നിവയാണ് ഇഷ്യൂ വലുപ്പത്തിൽ മുന്നിട്ടു നിന്ന മറ്റു കമ്പനികൾ.

ഈ കാലയളവിൽ പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്തത് 60 കമ്പനികളുടെ ഓഹരികളാണ്. നവംബർ 30 ന് വിപണിയിലെത്തിയ ടാറ്റ ടെക്നോളോജിസാണ് നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയത്. ഇഷ്യൂ വിലയായ 500 രൂപയിൽ നിന്നും 140 ശതമാനം പ്രീമിയത്തോടെയായിരുന്നു അരങ്ങേറ്റം. അന്നെ ദിവസം ഓഹരികളുടെ ക്ലോസിങ് വില 1314.25 രൂപയായിരുന്നു. ഇത് ഇഷ്യൂ വിലയേക്കാളും 162 ശതമാനം ഉയർന്നതാണ്. പിന്നാലെ ജൂലൈ 7 ന് എത്തിയ ഐഡിയ ഫോർജ്  ടെക് ഓഹരികൾ ഇഷ്യൂ വിലയായ 672 രൂപയിൽ നിന്നും 92 ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. അതായത് 1295 രൂപയാണ് അന്നെ ദിവസത്തെ ക്ലോസിങ് വില. ഉത്കർഷ സ്‌മോൾ ഫൈനാൻസ് ബാങ്ക്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി, മട്ടിസോൺസ് ജ്വലേഴ്‌സ് എന്നീ ഓഹരികളും ആദ്യ ദിവസം ക്ലോസ് ചെയ്തത് ഇഷ്യൂ വിലയിൽ നിന്നും 80 ശതമതിലധികം ഉയരാനാണ്‌.

ഇതേ കാലയളവിലെത്തിയ ഓഹരികൾക്ക് നിക്ഷേപകർ മികച്ച സ്വീകരണമാണ് നൽകിയത്. ഒട്ടു മിക്ക ഓഹരികൾക്കും പ്രതീക്ഷച്ചതിലുമേറെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. ഇതിൽ ഏറ്റവും കൂടുതൽ ലഭിച്ചത് മട്ടിസോൺസ് ജ്വലേഴ്‌സ് ഇഷ്യൂവിനാണ് 173 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. പ്ലാസ വെയേഴ്സ് ഓഹരികളാണ് രണ്ടാമതായുള്ളത്. ഇഷ്യൂവിന് ലഭിച്ചത് 160 ഇരട്ടി അപേക്ഷകൾ. ശേഷമുള്ളത്,  ഉത്കർഷ സ്‌മോൾ ഫൈനാൻസ് ബാങ്ക് 110 ഇരട്ടി, ഐഡിയ ഫോർജ് ടെക് 106 ഇരട്ടി,  ഡോംസ് ഇൻഡസ്ട്രീസ് 99 ഇരട്ടി, അറോഫ്ലെക്സ് 97 ഇരട്ടി എന്നിങ്ങനെയാണ്.

ഈ കാലയളവിൽ രണ്ട് കമ്പനികളുടെ ഓഹരികളാണ് ലിസ്റ്റ് ചെയ്യാതെ വിപണിയിൽ നിന്നും മടങ്ങേണ്ടി വന്നത്. എഫ്പിഒ യുമായി എത്തി അദാനി എന്റർപ്രിസേഴ്സിന്റെ ഓഹരികൾ പിന്നീട് പിൻവലിക്കുകയായിരുന്നു. മറ്റൊന്ന് പികെഎച് വെഞ്ചേഴ്‌സ് ഓഹരികളായിരുന്നു. പൂർത്തിയാക്കേണ്ട 90 ശതമാനം അപേക്ഷകൾ ഓഹരികൾക്ക് ലഭിക്കാതെ സാഹചര്യത്തിൽ ഓഹരികളുടെ ലിസ്റ്റിംഗ് നടന്നില്ല.

2023-ലെ എസ്എംഇ പ്രാതിനിധ്യം

നടപ്പ് വർഷം 182 കമ്പനികളാണ് പ്രാഥമിക വിപണിയിൽ  എത്തിയത്. ഇവയുടെ മൊത്തം  വലുപ്പം 4967.25 കോടി രൂപ. ജൂലായിൽ വിപണിയിലെത്തിയ സ്പെക്ട്രം ടാലെന്റ്റ് കമ്പനിയുടെ 105 കോടി രൂപയുടെ ഇഷ്യൂവായിരുന്നു എസ്എംഇ സെഗ്മെന്റിലെ വലുപ്പമുള്ള ഐപിഒ. ഖസാഞ്ചി ജ്വല്ലേഴ്‌സ് 97 കോടി രൂപ, സി എഫ് എഫ് ഫ്ലൂയിഡ് കൺട്രോൾ 85 കോടി രൂപ, ഇലക്ട്രോ ഫോഴ്സ് 80 കോടി എന്നിവയാണ് തൊട്ടു പിന്നാലെ.

ഈ കാലയളവിൽ എസ്എംഇ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തത് 179 കമ്പനികളുടെ ഓഹരികളാണ്. ഒക്ടോബറിലെത്തിയ ഗോയൽ സാള്‍ട്ട് ഓഹരികളാണ് മികച്ച പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വിലയായ 38 രൂപയിൽ നിന്നും അന്നേ ദിവസം 258 ശതമാനം ഉയർന്നാണ് ഓഹരികൾ ക്ലോസ് ചെയ്തത്. ഓഹരികളുട ആ ദിവസത്തെ ക്ലോസിങ് വില 136 രൂപയായിരുന്നു. സൺ ഗാർനെർ എനർജി, ട്രൈഡന്റ് ടെക് ലാബ്, ബസിലിക്ക് ഫ്ലൈ സ്റ്റുഡിയോ, ഓറിയാനാ പവർ എന്നിവയാണ് മികച്ച പ്രീമിയം നൽകിയ മറ്റു ഓഹരികൾ.

എസ്എംഇ വിഭാഗത്തിലെ  സബ്‌സ്‌ക്രിപ്‌ഷൻ നോക്കുകയാണെങ്കിൽ, ട്രൈഡന്റ് ടെക് ലാബ് ഓഹരികൾക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് 763 ഇരട്ടി അപേക്ഷകൾ. കഹാന്‍ പാക്കേജിങ് 730 ഇരട്ടി, നെറ്റ് അവന്യു 511 ഇരട്ടി, ബെഞ്ച് മാർക്ക് കമ്പ്യൂട്ടർ 484 ഇരട്ടി, ശ്രീവാരി സ്‌പൈസസ് 484 ഇരട്ടി, മൈത്രേയ മെഡി കെയർ 446 ഇതാരാട്ടി എന്നിങ്ങനെയാണ് ഈ വിഭാഗത്തിൽ മികച്ച അപേക്ഷകൾ ലഭിച്ച മറ്റു കമ്പനികൾ.

ഇഷ്യൂവിനെത്തിയ കേരള കമ്പനികൾ

കേരളത്തിൽ നിന്ന് ഇഷ്യൂവിനെത്തിയത് 2 കമ്പനികളാണ്. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്കും, മുത്തൂറ്റ് മൈക്രോ ഫിന്നുമാണ്. നവംബർ 10 ന് ലിസ്റ്റ് ചെയ്ത ഇസാഫ് ഓഹരികൾ ഇഷ്യൂ വിലയായ 60 രൂപയിൽ നിന്നും 15 ശതമാനം ഉയർന്നാണ് അന്നെ ദിവസം ക്ലോസ് ചെയ്തത്. ക്ലോസിങ് വില 69 രൂപയായിരുന്നു. ഡിസംബർ 26 ലിസ്റ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫൈന് ഓഹരികൾ ഇഷ്യൂ വിലയായ 291 രൂപയിൽ നിന്നും രണ്ടു ശതമാനം ഇടിഞ്ഞാണു വിപണിയിലെത്തിയത്. അന്നെ ദിവസം ഓഹരികൾ 8 ശതമാനം താഴ്ന്ന് 266 രൂപയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News