നഴ്‌സില്‍ നിന്നും സംരംഭകയിലേക്ക്; കവുങ്ങ് പാളയിലൂടെ ഷൈബി നേടുന്നത് ലക്ഷങ്ങള്‍
- പാലക്കാട്, മലപ്പുറം ജില്ലകളിലെ കവുങ്ങിന്‍ തോപ്പുകളില്‍ നിന്നും ജോലിക്കാരെ നിര്‍ത്തി ഉത്പന്നങ്ങള്‍ക്കുവേണ്ട പാള ശേഖരിക്കുന്നു
ഉപയോഗശൂന്യമായ പാളയില്‍ നിന്നും ലക്ഷങ്ങള്‍ വരുമാനം നേടാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം മീനടം സ്വദേശിയായ ഷൈബി മാത്യു. പറമ്പില്‍ വെറുതെ കിടന്നു നശിച്ചുപോകുന്ന കവുങ്ങിന്‍ പാളകൊണ്ട് പരിസ്ഥിതി സൗഹാര്‍ദ പാത്രങ്ങള്‍ നിര്‍മ്മിച്ച്് സ്വദേശത്തും വിദേശത്തും പ്രശസ്തിയാര്‍ജിച്ച ഷൈബി എന്ന സംരംഭകയെയും ഹന്ന ഗ്രീന്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തെയും പരിചയപ്പെടാം.
തുടക്കം
ഭര്‍ത്താവ് കുര്യാക്കോസുമൊത്ത് സൗദിയിലായിരുന്ന ഷൈബി അവിടെ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. അതിനിടയില്‍ 2015 ല്‍ അമ്മയുടെ അസുഖത്തെ തുടര്‍ന്ന് അവിടുത്തെ ജോലി ഉപേക്ഷിച്ച് ഷൈബിയും കുടുംബവും നാട്ടിലേക്കുവന്നു. അങ്ങനെയാണ് സ്വന്തമായി ബിസിനസ് തുടങ്ങിയാലെന്താ എന്നൊരാലോചന ഉടലെടുക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം എന്ന തീരുമാനത്തിന്റെ പുറത്താണ് പാളയിലേക്ക് ശ്രദ്ധപോകുന്നത്. വടക്കന്‍ ജില്ലകളില്‍ പാള ലഭിക്കാന്‍ എളുപ്പമാണെന്നറിഞ്ഞതോടെ കൂടുതലൊന്നും ആലോചിക്കാതെ ഈ സംരംഭത്തിലേക്ക് തിരയുകയായിരുന്നു. മെഷിനറി നിര്‍മ്മാണത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന കുര്യാക്കോസ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മെഷിനുകള്‍ നിര്‍മ്മിച്ചതോടെ 2015 ല്‍ തന്നെ ഷൈബിക്ക് ഹന്ന ഗ്രീന്‍ പ്രൊഡക്ട്‌സ് വിപണിയിലെത്തിക്കാന്‍ സാധിച്ചു.
മുതല്‍മുടക്ക്
ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മെഷിനറികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ചെലവുവരുന്നത് എന്നിരിക്കെ മെഷിനറി നിര്‍മ്മാണം ഭര്‍ത്താവ് ഏറ്റെടുത്തതിനാല്‍ തന്നെ മെഷിനറികളുടെ മെറ്റീരിയല്‍സിനുമാത്രമാണ് പൈസ മുടക്കേണ്ടിവന്നിട്ടുള്ളത്. മൂന്ന് ലക്ഷംരൂപ മെഷിനറിക്ക് മാത്രം വരുന്നിടത്ത് ഇവിടെ മെഷിനറി സ്വന്തമായി നിര്‍മ്മിച്ചതിനാല്‍ ഈ തുകയുടെ നാലിലൊന്നു പോലും വേണ്ടിവന്നിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്.
കോട്ടയത്തും പാലക്കാടും യൂണിറ്റുകള്‍
കോട്ടയത്തും പാലക്കാടുമായി രണ്ട് യൂണിറ്റുകളാണ് ഇവര്‍ക്കുള്ളത്. കവുങ്ങിന്‍ പാള കൂടുതല്‍ ഉള്ളത് പാലക്കാട് ഭാഗത്തായതിനാല്‍ പ്രധാന യൂണിറ്റ് അവിടെയാണ്.
നിര്‍മ്മാണം
പാലക്കാട്, മലപ്പുറം ജില്ലകളിലെ കവുങ്ങിന്‍ തോപ്പുകളില്‍ നിന്നും ജോലിക്കാരെ നിര്‍ത്തി ഉത്പന്നങ്ങള്‍ക്കുവേണ്ട പാള ശേഖരിക്കുന്നു. കൂടാതെ അട്ടപ്പാടി മേഖലകളിലെ വീടുകളില്‍ നിന്നും നേരത്തെ ഇവര്‍ പറഞ്ഞതനുസരിച്ച് അവിടുത്തെ നാട്ടുകാര്‍ ശേഖരിച്ചുവച്ചിട്ടുള്ള പാളയും എടുക്കുന്നു. കേരളത്തില്‍ പാള ലഭിക്കാതിരിക്കുന്ന സീസണില്‍ കര്‍ണ്ണാടകയില്‍ നിന്നും പാള കൊണ്ടുവരുന്നു.
പാലക്കാട് നിന്നു നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ കോട്ടയത്തെ യൂണിറ്റില്‍ എത്തിച്ചാണ് പാക്കിങ്ങ് നടത്തുന്നത്. രണ്ടുയൂണിറ്റുകളിലും ഷൈബിക്ക് ജോലിക്കാരായി ഉള്ളത് സ്ത്രീകളാണ്. പത്തോളം സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗം ഉണ്ടാക്കിക്കൊടുക്കാന്‍ ഇതുവഴി ഷൈബിക്ക് കഴിഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും മെഷിനറികള്‍ ഉപയോഗിച്ചാണ് നടക്കുന്നത്.
ഹന്നയുടെ ഉത്പന്നങ്ങള്‍
വിവിധതരം പ്ലേറ്റുകള്‍, ബൗളുകള്‍, ട്രേകള്‍, സ്പൂണുകള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങി ഒരുപാട് ഉത്പന്നങ്ങള്‍ ഹന്ന ഗ്രീന്‍ പ്രൊഡക്‌സിന്റേതായി വിപണിയിലുണ്ട്. പാള ഉത്പന്നങ്ങള്‍ക്കുപുറമെ പാള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മെഷിനറികളും ഇവര്‍ ഉണ്ടാക്കി നല്‍കുന്നുണ്ട്.
നല്ല വരുമാനം
ചെറിയ മുതല്‍മുടക്കില്‍ നല്ല വരുമാനം നേടാന്‍ ഈ സംരംഭത്തിലൂടെ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു പാളയില്‍ നിന്നും രണ്ട് പ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇതിന് ചെലവു വരുന്നത് നാല് രൂപയാണെങ്കില്‍ വരുമാനം എന്നത് 13 രൂപയാണ്. കയറ്റുമതി നല്ലരീതിയില്‍ നടക്കുന്നതുകൊണ്ടുതന്നെ സംരംഭം മികച്ച വിജയം തന്നെയാണ്.
ഓണ്‍ലൈന്‍ തന്നെ വിപണി
വിവിധതരം വെബ്‌സൈറ്റുകളിലൂടെയാണ് ഇവ ജനങ്ങളിലേക്ക് എത്തുന്നത്. എക്‌സ്‌പോര്‍ട്ടേഴ്‌സിനു പ്രത്യേകമായി സൈറ്റുകള്‍ ഉണ്ട്. അതുവഴിയാണ് വിപണനം നടക്കുന്നത്.
സ്വദേശത്തും വിദേശത്തും ആവശ്യക്കാര്‍ ഏറെ
പ്ലാസ്റ്റിക്കിനെ കുറിച്ചുള്ള അവബോധം പലരിലും ഇത്തരം പ്രകൃതി സൗഹൃദ ഉത്പന്നങ്ങളിലേക്കുള്ള ആകര്‍ഷണത്തിന് കാരണമായിട്ടുണ്ട്. കാണാനുള്ള ഭംഗിയും ഉപയോഗിക്കാനുള്ള എളുപ്പവും ആരോഗ്യകരമാണെന്ന അറിവും ഒക്കെ ഇവരുടെ സംരംഭത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. സ്വദേശത്തും വിദേശത്തും പാള ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്റാണ് ഇപ്പോള്‍ ഉള്ളത്. ന്യൂയോര്‍ക്ക്, ഓസ്‌ട്രേലിയ, യുകെ കൂടതെ കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലും ഇവര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ഷൈബിക്ക് കൂട്ടായി കുര്യാക്കോസും
സംരംഭത്തിന്റെ തുടക്കംതൊട്ട് ഷൈബിക്ക് കൂട്ടായി ഭര്‍ത്താവ് കുര്യാക്കോസും ഒപ്പമുണ്ട്. പാള ശേഖരിക്കുന്നത് തൊട്ട് മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതുവരെ എല്ലാകാര്യത്തിനും ഷൈബിക്ക് പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണ്.