പ്രവാസി തണല്‍: ഒരു വര്‍ഷത്തിനിടെ വിതരണം ചെയ്തത് ഒരു കോടി രൂപ

  • സഹായം ലഭിച്ചത് 393 കുടുംബങ്ങള്‍ക്ക്; അപേക്ഷിക്കാത്ത പ്രവാസികള്‍ ഏറെ

Update: 2023-01-13 12:15 GMT

കൊവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖാന്തിരം ഒരു വര്‍ഷത്തിനകം വിതരണം ചെയ്തത് 98,25,000 രൂപ. മഹാമാരിയുടെ ഇരയായവരുടെ കുടുംബങ്ങളുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കുന്നതിനാണ് 25,000 രൂപ വീതം ഒറ്റത്തവണ ധനസഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി ആവിഷ്‌കരിച്ചത്. പ്രമുഖ വ്യവസായ രവി പിള്ളയുടെ ആര്‍പി ഫൗണ്ടേഷനുമായി സഹകരിച്ചാണ് നോര്‍ക്ക റൂട്ട്സ് പദ്ധതി നടപ്പാക്കുന്നത്.

403 കുടുംബങ്ങളാണ് ഇതുവരെ അപേക്ഷിച്ചത്. ഇതില്‍ 393 പേര്‍ക്ക് ആര്‍.പി ഫൗണ്ടേഷന്‍ തുക നല്‍കിയതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. ഏഴുപേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്. അര്‍ഹരെന്ന് വ്യക്തമായവരുടെ പട്ടിക തയാറാക്കി നല്‍കുകയെന്നാണ് നോര്‍ക്ക റൂട്ട്സ് ചെയ്യുന്നത്. ചിലര്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം സഹായധനം ലഭിക്കുമെന്നു കരുതി അപേക്ഷ അയക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിവില്ലാത്തതു മൂലം പലരും അപേക്ഷിച്ചിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് നോര്‍ക്ക ഉദ്യോഗസ്ഥര്‍ പറയുന്നു.

സഹായധനത്തിനായി നോര്‍ക്ക റൂട്ട്സ് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ന്യൂ രജിസ്ട്രേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. 18 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും 18നു മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് തുക ലഭിക്കുക.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്എംഎസ് മുഖേന രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ലോഗിന്‍ ഐഡി ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ടോള്‍ഫ്രീ നമ്പറായ 18004253939ല്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Tags:    

Similar News