സംസ്ഥാനത്തുടനീളം ഇന്ധന ശൃംഖല സ്ഥാപിക്കാൻ ലക്ഷ്യമിട്ട് കെഎസ്ആർടിസി
- 75 ഔട്ട്ലെറ്റുകൾ സജ്ജമാക്കാൻ പദ്ധതി
- 2021-22 ൽ കോർപ്പറേഷന്റെ നഷ്ട്ടം 1,787.86 കോടി രൂപ.
- എസ്ബിഐക്ക് നൽകാനുള്ളത് 1000 കോടി രൂപ.
തിരുവനന്തപുരം: സാമ്പത്തികമായി തകർച്ചയിലെത്തി നിൽക്കുന്ന കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വരുമാന അടിത്തറ ഉയർത്താനുള്ള പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായി പൊതു ഉപയോഗത്തിന് 75 ഇന്ധന സ്റ്റേഷനുകൾ തുറക്കാൻ പദ്ധതിയിടുന്നു..
അധിക നിക്ഷേപം നടത്താതെ, എന്നാൽ ടിക്കറ്റ് വിൽപ്പനയിലൂടെയല്ലാതെ പുറത്ത് നിന്നുള്ള വരുമാനത്തിന്റെ വഴികൾ കണ്ടുപിടിക്കുമെന്നു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് ഇപ്പോൾ പ്രവർത്തിച്ചു വരുന്ന പൊതുമേഖലാ എണ്ണ കമ്പനികളുടെ റീട്ടെയിൽ ഫില്ലിംഗ് സ്റ്റേഷനുകളുടെ സഹകരണത്തോടെയാണ് പുതിയ നീക്കം ആരംഭിച്ചിട്ടുള്ളത്.
പുതിയ പ്രോജക്റ്റിന്റെ ഭാഗമായി 13 ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകൾ കെഎസ്ആർടിസി ഇതിനകം തന്നെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു കഴിഞ്ഞു. ഇനി പൊൻകുന്നം പെരുമ്പാവൂർ ഡിപ്പോകൾ എന്നി ഫില്ലിംഗ് സ്റ്റേഷനുകൾ തുറക്കും; ക്രമേണ 75 ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകളിലേക്കു എത്തിച്ചേരുക എന്നതാണ് ഉദ്ദേശം.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖല നടത്തുന്ന കോർപ്പറേഷൻ പുതിയ നീക്കത്തിലൂടെ ചില്ലറ ഇന്ധന ഫില്ലിംഗ് ശൃംഖലയിലെ ഒരു പ്രധാന കളിക്കാരനാകുക എന്നതാണ് ലക്ഷ്യമിടുന്നത്.
ബാങ്കുകൾ കോർപ്പറേഷന്റെ അഭ്യർത്ഥനകൾക്ക് പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ കെഎസ്ആർടിസി സാമ്പത്തികമായി ഏറ്റവും സന്നിഗ്ധമായ ഒരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് ഫണ്ടുകൾ തുടങ്ങി അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതു കോർപറേഷന് ഇപ്പോൾ അസാധ്യമായിട്ടുണ്ട്.
മാത്രമല്ല, ഇങ്ങനെയെടുക്കുന്ന വായ്പകളും സംസ്ഥാനത്തിന്റെ വായ്പ പരിധിയെ നേരിട്ട് ബാധിക്കുമെന്നു ള്ള നിലപാട് കേന്ദ്രം കടുപ്പിച്ചതിനാൽ കെഎസ്ആർടിസിയുടെ വായ്പയ്ക്ക് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നതിലും പരിമിതികളുണ്ടായിക്കഴിഞ്ഞു. .
കോർപ്പറേഷൻ അതിന്റെ ബാങ്ക് കൺസോർഷ്യത്തിനു കടം തിരികെക്കൊടുക്കുന്നതിൽ ഇപ്പോഴും കാലതാമസം വരുത്താറുള്ളതിനാൽ മുൻനിര റേറ്റിംഗ് ഏജൻസിയായ കെയർ (CARE) കെഎസ്ആർടിസിയുടെ 3,000 കോടി രൂപയുടെ ബാങ്ക് വായ്പക്ക് 'CARE D' റേറ്റിംഗ് (Default rating) ആണ് നൽകിയിട്ടുള്ളത്.
"കെ എസ് ആർ ടി സി സ്ഥിരമായി നഷ്ടത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം, ദൈനംദിന പ്രവർത്തനങ്ങൾക്കായി അത് കേരള സർക്കാരിനെ ആശ്രയിച്ചിരിക്കുന്നു," കെയർ ഒരു മാസം മുമ്പ് ഒരു ഔദ്യോഗിക റിലീസിൽ ചൂണ്ടിക്കാണിച്ചു.
കെഎസ്ആർടിസി 2020-221 സാമ്പത്തിക വർഷത്തിൽ (FY21) 2,005.26 കോടി രൂപയുടെ ഭീകരമായ നഷ്ടം രേഖപ്പെടുത്തിയിരുന്നു; 2021-22-ലെ കോർപ്പറേഷന്റെ നഷ്ട്ടം 1,787.86 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
വായ്പയിൽ എസ്ബിഐ മുന്നിൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്കാണ് കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ എക്സ്പോഷർ ഉള്ളത്; ജനുവരി അവസാനം വരെ (മൂലധനം മാത്രം) കോർപ്പറേഷൻ 1000 കോടി രൂപ ബാങ്കിന് നൽകാനുണ്ട്.
മറ്റു ബാങ്കുകളിൽ, യൂണിയൻ ബാങ്കിന് 767.89 കോടി രൂപയും, ബാങ്ക്ഇ ഓഫ് ബറോഡാക്ക് 480.76 കോടി രൂപയും കനറ ബാങ്കിന് 482.20 കോടി രൂപയുമാണ് കെഎസ്ആർടിസിയുടെ കട ബാധ്യത.