കെഎസ്ഇബി വീണ്ടും ചുവപ്പിലേക്ക്; മൂന്നാം പാദത്തിൽ നഷ്ടം 310 കോടി രൂപ
- വൈദ്യുതി വാങ്ങുന്ന ചെലവ് ഒരു വർഷംമുൻപുള്ള 2,075.72 കോടി രൂപയിൽ നിന്ന് 2,657.72 കോടി രൂപയായി.
- 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബോർഡ് 736.27 കോടി രൂപ മുഴുവൻ വർഷ ലാഭം നേടിയിരുന്നു
തിരുവനന്തപുരം: 2022 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ (Q2) ലാഭം നേടിയ ശേഷം 2022 ഡിസംബർ 31 ന് (FY23) അവസാനിച്ച മൂന്നാം പാദത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) 310.06 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബോർഡ് 736.27 കോടി രൂപ മുഴുവൻ വർഷ ലാഭം നേടിയിരുന്നു. 2021 ഡിസംബർ പാദത്തിലും (Q3, FY22) കെ എസ് ഇ ബി ലാഭത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മൂന്നാം പാദത്തിൽ (ക്യു 3) കമ്പനി നികുതിക്ക് മുമ്പുള്ള നഷ്ടം 299.59 കോടി രൂപ രേഖപ്പെടുത്തി.
സംസ്ഥാനത്തെ ഏക വൈദ്യുതി ഉൽപ്പാദകരും വിതരണക്കാരുമായ കെഎസ്ഇബിയുടെ അവലോകന പാദത്തിലെ (ക്യു 3) വരുമാനം 4,390.69 കോടി രൂപയായി കുറഞ്ഞു; 2022 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇത് 4,726.27 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്ഷം മൂന്നാം പാദത്തിലാകട്ടെ കമ്പനി 4,450.81 കോടി രൂപ വരുമാനം നേടിയിരുന്നു.
ചെലവുകളുടെ കാര്യത്തിൽ, കമ്പനിയുടെ ഏറ്റവും വലിയ ചെലവായ വൈദ്യുതി വാങ്ങൽ, ഒരു വർഷംമുൻപുള്ള 2,075.72 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,657.72 കോടി രൂപയായി. വാർഷികാടിസ്‌ഥാനത്തിൽ ഇത് 28 ശതമാനത്തിൽ കൂടുതൽ വർധനവാണ്.
നടപ്പുവർഷം മൊത്തം ആസ്തി 31,462.16 കോടി രൂപയിൽ നിന്ന് 32,043.54 കോടി രൂപയായി നേരിയ വർധന കാഴ്ചവെച്ചപ്പോൾ , ഈ വർഷത്തെ മൊത്തം വായ്പ 2022 ഡിസംബർ അവസാനത്തോടെ 18,415.8 കോടി രൂപയിൽ നിന്ന് 16,361.24 കോടി രൂപയായി കുറഞ്ഞു.
2022 ഡിസംബർ അവസാനത്തോടെ കമ്പനിയുടെ ബാധ്യത 41,560.50 കോടി രൂപയിൽ നിന്ന് 46,503.60 കോടി രൂപയായി വർധിച്ചതിനാൽ കമ്പനിയുടെ മൊത്ത മൂല്യം നെഗറ്റീവ് 15,701.34 കോടി രൂപയിൽ നിന്ന് നെഗറ്റീവ് 18,202.26 കോടി രൂപയായി വർദ്ധിച്ചു.