ഡിസൈന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍ കാണാനായി കൊച്ചി ഡിസൈന്‍ വീക്ക്

  • പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

Update: 2022-12-14 12:15 GMT

കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകകളും പ്രവണതകളും കാണാന്‍ പൊതു ജനങ്ങള്‍ക്ക് സൗജന്യ പ്രവേശനവുമായി കൊച്ചി ഡിസൈന്‍ വീക്ക് അവസരമൊരുക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് പരിപാടിയുടെ ആതിഥേയത്വം വഹിക്കുന്നത്. ഈ മാസം 16, 17 തിയതികളില്‍ ബോള്‍ഗാട്ടി ഐലന്റില്‍ നടക്കുന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ വൈകീട്ട് അഞ്ച് മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൊച്ചി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സിനെ (ഐഎസ്‌സിഎ) കൊച്ചി ഡിസൈന്‍ വീക്കിന്റെ നോളജ് പാര്‍ട്ണറായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.  

ഡിസൈന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍നേരിട്ടു കാണുന്നതിനോടൊപ്പം സംഗീതനിശ, ഡിസൈന്‍ ഫെയര്‍, ഫുട്‌ബോള്‍ ലോകകപ്പ് ലൂസേഴ്‌സ് ഫൈനല്‍ തത്സമയ പ്രക്ഷേപണം എന്നിവയാണ് രണ്ട് ദിവസങ്ങളിലായി നടക്കാന്‍ പോകുന്നത്.

ആദ്യ ദിനമായ വെള്ളിയാഴ്ച വൈകീട്ട് നാല് സംഗീത പരിപാടികളാണ് നടക്കുന്നത്. തൈക്കൂടം ബ്രിഡ്ജ്, സോപാനസംഗീതം, ദി ലോസ്റ്റ് സര്‍ക്കസ്, റിഥം എന്നിവയുടെ സംഗീത പരിപാടികള്‍ ഉണ്ടാകും.

രണ്ടാം ദിനം വൈകീട്ട് തകര ബാന്‍ഡിന്റെ സംഗീത നിശയ്‌ക്കൊപ്പം ചെണ്ടമേളവും, ഗ്രീന്‍ ഫോളിയം ബാന്‍ഡിന്റെ കലാപരിപാടികളുമുണ്ടാകും. ഇതിനു പുറമെ ലോകകപ്പ് ആവേശം നിറയ്ക്കുന്നതിനായി ലൂസേഴ്‌സ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിക്കും.

സംഗീത നിശയ്ക്ക് പുറമെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ഫെയറും കൊച്ചി ഡിസൈന്‍ വീക്കില്‍ ഒരുക്കിയിട്ടുണ്ട്. തുണി, മരം, തുകല്‍, ഡിജിറ്റല്‍ തുടങ്ങി ഡിസൈന്‍ രംഗത്തെ എല്ലാ വൈവിദ്ധ്യ ഉത്പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. കേരളത്തിനകത്തു നിന്നുള്ള ഡിസൈനര്‍മാര്‍ക്കാണ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനനുമതിയുള്ളത്. പൊതുജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഡിസൈന്‍ വീക്കിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് മേധാവി കീര്‍ത്തി തിലകന്‍ പറഞ്ഞു.

ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്. ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈന്‍ വീക്കിനുണ്ട്.

അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി), തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.

ഡിസൈന്‍ വീക്കിന്റെ ഭാഗമായി ഹയര്‍ സെക്കണ്ടറി, യുജി വിദ്യാര്‍ഥികള്‍ക്കായി ഐഎസ്‌സിഎ കേരള ഡിസൈന്‍ ചാലഞ്ചും ടാഗ്‌ലൈന്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. സ്വന്തം പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റര്‍ ഡിസൈനിങ്, പെയ്ന്റിങ്, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം, കവിത തുടങ്ങിയ സര്‍ഗരചനകളാണ് കേരള ഡിസൈന്‍ ചാലഞ്ചില്‍ ക്ഷണിച്ചത്. കൊച്ചി ഡിസൈന്‍ വീക്കിനായി ടാഗ്‌ലൈന്‍ നിര്‍ദ്ദേശിക്കാനായിരുന്നു മറ്റൊരു മത്സരം. ഇതിന് വിദ്യാര്‍ഥികളില്‍ നിന്നും മികച്ച് പ്രതികരണമാണ് ലഭിച്ചത്. മത്സരങ്ങളിലെ വിജയികളെ കൊച്ചി ഡിസൈന്‍ വീക്കില്‍ പ്രഖ്യാപിക്കും. മികച്ച ടാഗ്‌ലൈനിന് ഒരു ലക്ഷം രൂപ മതിപ്പുള്ള സമ്മാനമാണ് ലഭിക്കുക.

20016-ല്‍ സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്‌സിഎ. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിയേറ്റിവ് ആര്‍ട്സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും ആനിമേഷന്‍, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈന്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈന്‍, ഗെയിം ഡിസൈന്‍, യുഐ/ യുഎക്സ് ഡിസൈന്‍ തുടങ്ങിയവയില്‍ സ്പെഷ്യലൈസേഷനും നല്‍കുന്നു.

Tags:    

Similar News