കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ മൂന്നാം പാദ അറ്റാദായത്തിൽ 40 ശതമാനം ഇടിവ്;

  • കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 154.36 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിലെ വരുമാനം 155.57 കോടി രൂപയാണ്.
  • 26.50 കോടി രൂപ അടച്ച മൂലധനമുള്ള കമ്പനിയുടെ ആസ്തി 2022 ഡിസംബർ അവസാനം 831.56 കോടി രൂപയാണ്..

Update: 2023-02-21 13:18 GMT

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്‌സി) മൂന്നാം പാദ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 40.3 ശതമാനം ഇടിഞ്ഞു 40.71 കോടി രൂപയിലെത്തി; 2022 സാമ്പത്തിക വര്ഷം ഇതേ കാലയളവിൽ അത് 68.19 കോടി രൂപയായിരുന്നു. 

മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ, കോർപറേഷന്റെ ലാഭം ഈ വർഷത്തെ രണ്ടാം പാദത്തിൽ നേടിയ 55.28 കോടി രൂപയിൽ നിന്ന് 26.36 ശതമാനം ഇടിവ് രേഖപ്പെടുത്തി.

1951-ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻസ് ആക്ടിന് കീഴിൽ സംയോജിപ്പിച്ച കെഎഫ്‌സി-യിൽ നിലവിൽ 98.54 ശതമാനം കേരള സർക്കാരിനും 1.44 ശതമാനം എസ്ഐഡിബിഐക്കും (SIDBI) ഓഹരി വിഹിതമുണ്ട്; എൽഐസിക്കും എസ്ബിഐക്കും തുച്ഛമായ ഓഹരികളാണുള്ളത്.

തിരുവനന്തപുരം ആസ്ഥാനമായ കെഎഫ്‌സിയുടെ പ്രവർത്തനം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് ഡിവിഷൻ ഓഫീസുകളും സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന 16 ശാഖകളും വഴിയാണ് നടക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 154.36 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിലെ കെഎഫ്‌സിയുടെ വരുമാനം 155.57 കോടി രൂപയായി ഏകദേശം അതെ നിലയിൽ തുടർന്നു.

ആസ്തികൾ

2022 ഡിസംബർ 31 പ്രകാരം കെ‌എഫ്‌സിയുടെ മൊത്തം ആസ്തി ഒരു വർഷം മുൻപുണ്ടായിരുന്ന 4,987.10 കോടി രൂപയിൽ നിന്ന് 66 ശതമാനം ഉയർന്ന് 8,279.58 കോടി രൂപയായി.

മുൻ പാദത്തിലെ 7.872.26 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ആസ്തിയിൽ 5.17 ശതമാനം വര്ധനവുണ്ട്.


കോർപ്പറേഷന്റെ മൊത്ത പ്രവർത്തനരഹിത ആസ്തിയും (നോൺ പെർഫോമിംഗ് അസറ്റ്, എൻപിഎ) അറ്റ എൻപിഎ-യും 2022 മാർച്ച് 31-ൽ യഥാക്രമം 3.27 ശതമാനവും 1.28 ശതമാനവുമായിരുന്നതു 2022 ഡിസംബർ 31-ന് യഥാക്രമം 4.58 ശതമാനമായും 2.44 ശതമാനമായും വർധിച്ചതിനാൽ 2022 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷന്റെ ആസ്തി നിലവാരം കുറഞ്ഞു. 

സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച്, കെഎഫ്‌സിയുടെ ഡെറ്റ്-ഇക്വിറ്റി അനുപാതം നിലവിൽ 7 ശതമാനമാണ്, ഇത് അൽപ്പം ഉയർന്ന വശത്ത് കണ്ടേക്കാം. 426.50 കോടി രൂപ അടച്ച മൂലധനമുള്ള കമ്പനിയുടെ ആസ്തി 2022 ഡിസംബർ അവസാനം 831.56 കോടി രൂപയാണ്..

Tags:    

Similar News