തിരുവനന്തപുരം: ഈ വര്‍ഷത്തെ കണക്കു പ്രകാരം കേരളത്തിലെ വിലക്കയറ്റം ആദ്യമായി ദേശീയ ശരാശരിയെ മറികടന്നതായി റിപ്പോര്‍ട്ട്. ഉപഭോക്ത്യ വിലസൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കേരളത്തില്‍ 5.90 ശതമാനവും ദേശീയ സ്ഥിതി വിവരണ കണക്ക് ഒഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 5.88 ശതമാനവുമാണ്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണിത്. ഭക്ഷ്യ വിഭവങ്ങളുടെ വില ഉള്‍പ്പെടെ ചില്ലറ വില്‍പ്പന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളത്തിനു സാധിച്ചിട്ടുണ്ട്.
2022 ല്‍ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് 5.88ശതമാനത്തിനും (നവംബര്‍) 7.79 ശതമാനത്തിനും (ഏപ്രില്‍) ഇടയിലായിരുന്നപ്പോള്‍ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് എന്നത് 3.92 ശതമാനത്തിനും (ഫെബ്രുവരി) 6.45 ശതമാനത്തിനും (സെപ്തംബര്‍) ഇടയിലായിരുന്നു. ഫെബ്രുവരി നവംബര്‍ മാസങ്ങള്‍ നോക്കിയാല്‍ ഇന്ധനത്തിനും വൈദ്യുതിക്കുമാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധന കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.
ഭക്ഷണം-വെള്ളം, പാന്‍ ,പുകയില-ലഹരി വസ്തുക്കള്‍, വസ്ത്രങ്ങള്‍-പാദരക്ഷകള്‍, ഭവനം, ലൈറ്റ്-ഇന്ധനം, പലവക തുടങ്ങിയ ആറ് വിഭാഗങ്ങളിലുള്ള ഗുഡ്സ് ആന്റ് സര്‍വീസസ് നോക്കിയാണ് പണപ്പെരുപ്പനിരക്ക് വിലയിരുത്തുന്നത്. എല്‍പിജി, മണ്ണെണ്ണ, വൈദ്യുതി തുടങ്ങി വിവിധ ഊര്‍ജ ഉത്പന്നങ്ങളുടെ വിലയില്‍ നിന്നാണ് വെളിച്ചത്തിന്റെയും ഇന്ധനത്തിന്റെയും സിപിഐ കണക്കാക്കുന്നത്. ഫെബ്രുവരിയില്‍ 182.6 ആയിരുന്ന സിപിഐ നവംബറില്‍ 204.3 ആയി ഉയര്‍ന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യസം, ഗതാഗതം എന്നിവ ഉള്‍പ്പെടുന്ന പലവകയില്‍ ഉയര്‍ന്ന വിലക്കയറ്റം കാണാനായിട്ടുണ്ട്. ഇത് ഫെബ്രുവരി മാസത്തില്‍ 164.9 ല്‍ നിന്ന് 9.3 പോയിന്റ് ഉയര്‍ന്ന് നവംബറില്‍ 174.2 ആയി.
ഫുഡ്, ബിവറേജസ് എന്നിവയാണ് ഈ കാലയളവില്‍ 8 പോയിന്റ് വര്‍ധിച്ച മൂന്നാമത്തെ വിഭാഗം. പിഡിഎസ് വഴിയുള്ള സ്ബ്‌സിഡി അരി വിതരണം, സപ്ലൈകോ ഔട്ട് ലെറ്റുകള്‍ തുടങ്ങി നവംബര്‍ ആദ്യം സര്‍ക്കാര്‍ ചില വിപണന പരിപാടികള്‍ക്ക് തുടക്കമിട്ടെങ്കിലും അത് വിപണിയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയില്ല.