വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശിക്ക് 1.20 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
- 2019 ജനുവരി 29ന് ഇരിങ്ങണ്ണൂര്‍ ടൗണില്‍വെച്ചാണ് മുഹമ്മദ് ഒടിച്ച ബൈക്കില്‍ ജെസിബി ഇടിച്ച് അപകടമുണ്ടാകുന്നത്
നാദാപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ തൂണേരി സ്വദേശി പച്ചിലശ്ശേരി മുഹമ്മദിന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 1.20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 2019 ജനുവരി 29ന് ഇരിങ്ങണ്ണൂര്‍ ടൗണില്‍വെച്ചാണ് മുഹമ്മദ് ഒടിച്ച ബൈക്കില്‍ ജെസിബി ഇടിച്ച് അപകടമുണ്ടാകുന്നത്. എന്നാല്‍ സാരമായി പരിക്കേറ്റ മുഹമ്മദിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുഹമ്മദ് കോടതിയെ സമീപിക്കുകയായിരുന്നു.
വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജ് കെ. രാമകൃഷ്ണന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 87,41,500 രൂപ നഷ്ടപരിഹാരത്തുകയും 7,45,997 രൂപ കോടതി ചെലവും ഇതിന്റെ ഒമ്പത് ശതമാനം പലിശയും ചേര്‍ത്ത് ഒരു കോടി 20 ലക്ഷം രൂപ മുഹമ്മദിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. വി കെ ലത്തീഫ്, അഡ്വ. പി പി ലിനീഷ് എന്നിവരാണ് ഹാജരായത്.