ഇന്ത്യയെ ആഗോള വളര്‍ച്ചാ യന്ത്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യം ഉടന്‍ തന്നെ ലോകത്തിന്റെ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 വര്‍ഷം മുമ്പ് തങ്ങള്‍ വൈബ്രന്റ് ഗുജറാത്തിന്റെ ചെറിയ വിത്ത് പാകിയെന്നും ഇന്ന് അത് ഒരു വലിയ മരമായി മാറിയെന്നും മോദി പറഞ്ഞു.
'സംസ്ഥാനത്തെ ഇന്ത്യയുടെ വളര്‍ച്ചാ എഞ്ചിനാക്കി മാറ്റാന്‍ ഞങ്ങള്‍ വൈബ്രന്റ് ഗുജറാത്ത് സംഘടിപ്പിച്ചു. 2014 ന് ശേഷം ഇന്ത്യയെ ആഗോള വളര്‍ച്ചാ എഞ്ചിനാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം' നിക്ഷേപകരുടെയും വ്യവസായികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
'ഇനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, നിങ്ങളുടെ കണ്‍മുന്നില്‍, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്നത് നിങ്ങള്‍ക്ക് എന്റെ ഉറപ്പാണ്. ലളിതമായ തുടക്കത്തിനുശേഷം വൈബ്രന്റ് ഗുജറാത്ത് ഒരു മികവുറ്റ മാര്‍ഗം തെളിച്ചു. പിന്നീട് പല സംസ്ഥാനങ്ങളും സ്വന്തം നിക്ഷേപ ഉച്ചകോടികള്‍ സംഘടിപ്പിച്ച് അത് പിന്തുടരുകയും ചെയ്തു.' മോദി ചൂണ്ടിക്കാട്ടി.
'ഓരോ സൃഷ്ടിയും മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു- ആദ്യം അതിനെ പരിഹസിക്കുന്നു, പിന്നീട് എതിര്‍പ്പ് നേരിടുന്നു, ഒടുവില്‍ അത് അംഗീകരിക്കപ്പെടുന്നു. പ്രത്യേകിച്ചും ആശയം കാലത്തിന് മുമ്പ് എത്തുമ്പോള്‍ ', പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലാണ് വൈബ്രന്റ് ഗുജറാത്ത് വിജയിച്ചതെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.