22214 ഇലക്ടറൽ ബോണ്ടുകൾ, പാർട്ടികൾ പണമാക്കിയത് 22030: എസ്ബിഐ
- 2019 മുതൽ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകൾ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങി
- 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി
- വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
2019 മുതൽ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകൾ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്ങ്മൂലം. ഇതിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു. രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2019 ഏപ്രിൽ ഒന്നിനും 11-നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 1609 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി. 2019 ഏപ്രിൽ 12-നും, 2024 ഏപ്രിൽ 15-നുമിടയിൽ 18,871 ബോണ്ടുകൾ വാങ്ങി. ഇക്കാലയളവിൽ 20,421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ആരൊക്കെ എത്രയൊക്കെ ബോണ്ടുകൾ വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് എസ്.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. ഏത് രാഷ്ട്രീയ പാർട്ടി എത്ര ബോണ്ടുകൾ ഏതൊക്കെ തീയതികളിൽ പണമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.