ക്ലീന്‍ നോട്ട് പോളിസി എന്ത്? രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുമ്പോള്‍ ഇതൊക്കെ അറിയാം
- നാലോ അഞ്ചോ കൊല്ലം മാത്രം ആയുസ്സ്
- മറ്റ് നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍
- സെപ്തബര്‍ വരെ കൈമാറ്റം അനുവദിക്കും
രണ്ടായിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചു. നോട്ട് നിരോധനം പതിവുള്ള പൗരന്മാര്‍ക്ക് ഈ സാഹചര്യത്തില്‍ പല ആശങ്കകളുമുണ്ടാകാം. എന്നാല്‍ സെപ്തംബര്‍ വരെ നോട്ടുകള്‍ ക്രയവിക്രയം ചെയ്യുന്നതിന് തടസ്സമില്ല. നോട്ടുകള്‍ക്ക് മൂല്യമുണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നോട്ട് നിരോധന ശേഷം പുറത്തിറക്കിയ ഈ കറന്‍സി ഇപ്പോള്‍ പിന്‍വലിക്കുന്നതെന്നാണ് ആളുകള്‍ ആലോചിക്കുന്നത്. ക്ലീന്‍ നോട്ട് പോളിസി അനുസരിച്ചാണ് നടപടി. എന്നാല്‍ എന്തിനാണ് ഇത്തവണ നോട്ട് നിരോധന സമയത്ത് ചിപ്പ് അവകാശവാദങ്ങള്‍ അടക്കം നിരവധി വാഗ്ദാനങ്ങളുമായി ഇറക്കിയ 2000 ത്തിന്റെ നോട്ട് നിരോധിച്ചതെന്ന് അറിയേണ്ടതുണ്ട്.
ക്ലീന്‍ നോട്ട് പോളിസി
ക്ലീന്‍ നോട്ട് പോളിസി പ്രകാരമാണ് ആര്‍ബിഐ ഇത്തവണ 2000 ത്തിന്റെ നോട്ട് പിന്‍വലിക്കുന്നതെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഉല്‍പ്പാദനം ചുരുക്കി നോട്ട് നിയന്ത്രിക്കാന്‍ ബാങ്ക് നടപടിയെടുത്തിരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ബാങ്ക് നോട്ടുകള്‍ ഉറപ്പുവരുത്തണമെന്ന ആര്‍ബിഐയുടെ നയമാണ് ക്ലീന്‍ നോട്ട് പോളിസി. ഇത് അനുസരിച്ചാണ് നോട്ട് നിരോധനം. അതായത് ഈ നോട്ട് അച്ചടിക്കുന്നതില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ബാങ്കിന് സാധിക്കുന്നില്ലെന്ന് ചുരുക്കം.
എന്തിന് പിന്‍വലിക്കുന്നു?
2016 നവംബറില്‍ ആര്‍ബിഐ ആക്ട് 1934 ലെ സെക്ഷന്‍ 24 (1) പ്രകാരം എല്ലാ അഞ്ഞൂറ് , ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം സമ്പദ് വ്യവസ്ഥയുടെ കറന്‍സി ആവശ്യകതകള്‍ വേഗത്തില്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടായിരം രൂപയുടെ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭ്യമാവുകയും ചെയ്തതോടെ 2018 -19 ല്‍ ഇതിന്റെ അച്ചടി നിര്‍ത്തിവെച്ചു. ഭൂരിഭാഗം നോട്ടുകളും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാലോ അഞ്ചോ കൊല്ലം മാത്രം ആയുസ്സുള്ള നോട്ടുകളാണിത്. ഇപ്പോള്‍ ഈ നോട്ടുകളൊന്നും പൊതുവായി അങ്ങിനെ ഉപയോഗിക്കുന്നില്ലെന്നാണ് ആര്‍ബിഐയുടെ നിരീക്ഷണം. ഇപ്പോള്‍ നിലവിലുള്ള മറ്റ് നോട്ടുകളും മറ്റും പൊതുജനങ്ങളുടെ കറന്‍സി ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. അതുകൊണ്ടാണ് 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രബാങ്ക് മുന്‍ കൈ എടുക്കുന്നത്.