പണപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ; ലക്ഷ്യം സുസ്ഥിര വളര്‍ച്ച
- തെക്ക് - പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയില്‍ ലഭിക്കുമെന്ന പ്രതീക്ഷ കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കും
- മാനുഫാക്ച്ചറിംഗ്, സര്‍വീസ് മേഖലകളിലെ ആക്കം സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കുന്നുണ്ട്
- യുപിഐ ഉപയോഗിച്ച് ബാങ്കുളില്‍ കാഷ് ഡെപ്പോസിറ്റ് ചെയ്യാം
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെയും പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെയും പണ നയ അവലോകനയോഗത്തിലും പണപ്പെരുപ്പത്തെ വരുതിയിലാക്കാനുള്ള ജാഗ്രത തന്നെ. തുടര്‍ച്ചയായി ഏഴാം തവണയാണ് ആര്‍ബിഐ 6.5 ശതമാനം എന്ന നിലയില്‍ റിപ്പോ നിരക്ക് നിലനിര്‍ത്തുന്നത്. ആര്‍ബിഐയില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ എടുക്കുന്നവായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. പണനയ അവലകോന സമിതിയിലെ ആറില്‍ അഞ്ച് പേരും റിപ്പോനിരക്ക് മാറ്റമില്ലാതെ തുടരണം എന്ന നിലപാടാണ് സ്വീകരിച്ചത്. വിപണിയിലെ പണ ലഭ്യത കുറയ്ക്കാനുള്ള നടപടികള്‍ തുടരുമെന്ന നിലപാടില്‍ തന്നെയാണ് ആര്‍ബിഐയുള്ളത്. പണ-പണ ലഭ്യത ടൂളുകള്‍ ഉപയോഗിച്ച് പണപ്പെരുപ്പത്തിനെതിരെ ആര്‍ബിഐ നീണ്ട പോരാട്ടത്തിലാണ്.
മുറിക്കുള്ളിലെ ആന
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണപ്പെരുപ്പത്തെ ഒരു ആനയോടാണ് ഉപമിക്കുന്നത്. ഒരു മുറിക്കുള്ളില്‍ അകപ്പെട്ട ആനയായിരുന്നു പണപ്പെരുപ്പം. പണപ്പെരുപ്പം 4 ശതമാനം എന്ന നിലയിലേക്ക് എത്തിയത് ആന കാട്ടിലേക്ക് (പ്രതീക്ഷിച്ച നിലയിലേക്ക് പണപ്പെരുപ്പം എത്തി ) നടക്കാന്‍ പോയി എന്നതിന്റെ ശുഭാപ്തി സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം 2-6 ശതമാനമാണ്. പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനവും.
സിപിഐ
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനമായിരിക്കുമെന്നാണ് അനുമാനം. ആദ്യ പാദത്തില്‍ 4.9 ശതമാനം, രണ്ടാംപാദത്തില്‍ 3.8 ശതമാനം, മൂന്നാം പാദത്തില്‍ 4.6 ശതമാനം, നാലാം പാദത്തില്‍ 4.5 ശതമാനം എന്നിങ്ങനെയാണ് പാദാടിസ്ഥാനത്തിലുള്ള അനുമാനം.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐ പ്രഖ്യാപനം. മുന്‍ വര്‍ഷം ഇത് ആദ്യപാദത്തില്‍ വളര്‍ച്ചാ ലക്ഷ്യം നേരത്തെ പ്രവചിച്ച 7.2 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറച്ചിട്ടുണ്ട്. രണ്ടാപാദത്തില്‍ വളര്‍ച്ച ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തി. മൂന്നാം പാദത്തിലെ വളര്‍ച്ചാ ലക്ഷ്യം 7 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരും. നാലാം പാദത്തില്‍ വളര്‍ച്ച ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിരുന്ന 6.9 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തി.
ഭക്ഷ്യ വില
നിലവിലെ സാഹചര്യത്തില്‍ ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വില കൃത്യമായി നീരീക്ഷിക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വെള്ളത്തിന്റ ലഭ്യതക്കുറവ്, ഏപ്രില്‍- ജൂണ്‍ കാലയളവിലെ ഉയര്‍ന്ന താപനില സംബന്ധിച്ച സൂചനകളും ഭക്ഷ്യ വിലയുടെ കാര്യത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയില്‍ ലഭിക്കുമെന്ന പ്രതീക്ഷ കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കും. സാധാരണ മണ്‍സൂണ്‍ നേരത്തെ എത്തിയേക്കുമെന്നുള്ള സൂചനകളും ഖാരിഫ് സീസണിന് ഊര്‍ജ്ജം നല്‍കുമെന്നും ദാസ് വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥ
ആഗോള സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം കാര്യമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇത് നടപ്പ് വര്‍ഷത്തിലും തുടരുമെന്നാണ് പ്രതീക്ഷ. ഓഹരി വിപണികള്‍ കാര്യമായ മുന്നേറ്റത്തിലാണ്. അതേ സമയം സോവ്‌റിന്‍ ബോണ്ട്, യുഎസ് ഡോളര്‍ എന്നിവയുടെ നീക്കങ്ങള്‍ രണ്ട് ദിശയിലാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥകളും മെച്ചപ്പെട്ട രീതിയിലാണ്. ഗ്രാമീണ മേഖലയിലെ ശക്തമായ ഡിമാന്‍ഡ് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്കുമേല്‍ അയവ് വരുത്തുന്നുണ്ട്. മാനുഫാക്ച്ചറിംഗ്, സര്‍വീസ് മേഖലകളിലെ ആക്കം സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്ററിലെ സോവ്‌റിന്‍ ഗ്രീന്‍ ബോണ്ട് ഇടപാടിന് അനുമതി.ഗവണ്‍മെന്റ് സെക്യൂരിറ്റികളിലെ പങ്കാളിത്തത്തിന് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍, യുപിഐ ഉപയോഗിച്ച് ബാങ്കുളില്‍ കാഷ് ഡെപ്പോസിറ്റ് ചെയ്യാന്‍ അനുമതി തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.