പലിശ നിരക്ക് ഉയരും; സൂചന നല്‍കി യുഎസ് കേന്ദ്ര ബാങ്ക് ചെയര്‍മാന്‍
- കഴിഞ്ഞയാഴ്ച പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു
- പലിശ നിരക്ക് 5.50-5.75 പരിധിയിലേക്ക് ഉയരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്
- മാര്‍ച്ച് 2022 മുതല്‍ 10 തവണ പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു
യുഎസില്‍ ഇപ്പോഴും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് വര്‍ധന ആവശ്യമാണെന്നും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. ജൂണ്‍ 21 ബുധനാഴ്ച യുഎസ് കോണ്‍ഗ്രസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മിറ്റി മുന്‍പാകെയാണു ജെറോം പവല്‍ ഇക്കാര്യം അറിയിച്ചത്.
യുഎസ് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC) കഴിഞ്ഞയാഴ്ച പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡ് റിസര്‍വ് മാര്‍ച്ച് 2022 മുതല്‍ 10 തവണ പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇനിയും ലക്ഷ്യത്തിലെത്താന്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് ജെറോ പവല്‍ പറയുന്നത്. ഇനി ജുലൈയിലാണ് ഫെഡ് റിസര്‍വിന്റെ അടുത്ത യോഗം.
വരും മാസങ്ങളില്‍ പലിശ നിരക്ക് ഉയര്‍ത്തണമെന്നാണ് ജെറോ പവല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മിതമായ തോതില്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറയുന്നു. ലഭ്യമാകുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ അധികമായി നിരക്ക് വര്‍ധിപ്പിക്കണമെങ്കില്‍ അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. രണ്ട് ശതമാനമായി കുറയ്ക്കാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും പവല്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ നിരക്ക് വര്‍ധന ഉചിതമായിരിക്കുമെന്ന അഭിപ്രായക്കാരാണ് എല്ലാ ഫെഡ് റിസര്‍വ് ഉദ്യോഗസ്ഥരെന്നും ജെറോം പവല്‍ പറഞ്ഞു.
വര്‍ഷാവസാനം പലിശ നിരക്ക് 5.50-5.75 പരിധിയിലേക്ക് ഉയരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിലവില്‍ 5-5.25 പരിധിയിലാണുള്ളത്.
ഒരുവശത്ത് പണപ്പെരുപ്പത്തിനെ കുറിച്ച് ജെറോം പവല്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മറുവശത്താകട്ടെ ജൂണ്‍ 14-ന് പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്തുകയും ചെയ്തു. ഇനി അടുത്തതായി ഫെഡ് റിസര്‍വ് എന്ത് തീരുമാനമായിരിക്കും സ്വീകരിക്കുക എന്നത് അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
പലിശ നിരക്ക് നിലനിര്‍ത്താനുള്ള ജൂണ്‍ 14-ലെ തീരുമാനത്തിനൊപ്പം ഈ വര്‍ഷം പലിശനിരക്കില്‍ അര ശതമാനം വര്‍ധന ആവശ്യമായി വരുമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തി സാമ്പത്തിക പ്രവചനങ്ങള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട് ഫെഡ് റിസര്‍വ്. 2023-ലെ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ മാര്‍ച്ചിലെ 0.4 ശതമാനത്തില്‍ നിന്ന് 1.0 ശതമാനമായും ഉയര്‍ത്തി.
പണപ്പെരുപ്പം കുറയാന്‍ തുടങ്ങുന്നതോടെ 2024-ല്‍ പലിശനിരക്കില്‍ ഒരു ശതമാനത്തോളം കുറവുവരുത്താമെന്നാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ പ്രതീക്ഷ. പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തിക്കുകയെന്നതാണ് ലക്ഷ്യം.