പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി നിര്‍മ്മിക്കും: നിര്‍മ്മലാ സീതാരാമന്‍
- ലോക്‌സഭാ സമ്മേളനത്തിനിടെയാണ് സമിതി രൂപീകരണത്തിന്റെ ആവശ്യകത മന്ത്രി വ്യക്തമാക്കിയത്.
ഡെല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) അവലോകനം ചെയ്യാന്‍ ധനകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കേന്ദ്രം ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പെന്‍ഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സമിതി പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
'സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദേശീയ പെന്‍ഷന്‍ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും ജീവനക്കാരുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുമായി ധനകാര്യ സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതി രൂപീകരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു'' ലോക്സഭയെ അഭിസംബോധന ചെയ്യവെ മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന രീതിയിലായിരിക്കും ഈ സമിതി രൂപകല്‍പന ചെയ്യുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ ദേശീയ പെന്‍ഷന്‍ പദ്ധതി, അല്ലെങ്കില്‍ പുതിയ പെന്‍ഷന്‍ പദ്ധതി, 2003-ല്‍ അവതരിപ്പിക്കുകയും 2004 ജനുവരി 1-ന് നടപ്പിലാക്കുകയും ചെയ്തു. പഴയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി, എന്‍പിഎസ് ഒരു കോണ്‍ട്രിബ്യൂട്ടറി സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.