2024-25 വളര്‍ച്ചാ നിഗമനം 7%, പലിശ നിരക്ക് മാറ്റാതെ ആര്‍ബിഐ
- പണപ്പെരുപ്പ നിഗനം 4 .5 ശതമാനത്തില്‍ നിലനിര്‍ത്തി
- പലിശ നിരക്കുകള്‍ നിലനിര്‍ത്തുന്നത് തുടര്‍ച്ചയായ ആറാം തവണ
- നടപ്പുപാദത്തിലെ പണപ്പെരുപ്പ നിഗമനം താഴ്ത്തി.
തുടര്‍ച്ചയായ ആറാം ധനനയയോഗത്തിലും അടിസ്ഥാന പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ 6 .25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ ശേഷം പലിശ നിരക്കുകളില്‍ മാറ്റമുണ്ടായിട്ടില്ല. വരുന്ന നാല് പാദങ്ങളിലെ വിലക്കയറ്റത്തെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചുമുള്ള കേന്ദ്രബാങ്കിന്‍റെ നിഗമനങ്ങളും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ധനനയ യോഗത്തിന് ശേഷം പുറത്തുവിട്ടു.
ഫിക്സഡ് റിവേഴ്സ് റിപ്പോ നിരക്ക് 3.75%, ബാങ്ക് നിരക്ക് 6.75%, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 6.25%, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്കുകള്‍. ഈ വര്‍ഷം പകുതിയോടെ മാത്രമേ ആര്‍ബിഐ നിരക്കിളവിലേക്ക് പോകൂവെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. യുഎസ് ഫെഡ് റിസര്‍വ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനവും ആര്‍ബിഐയെ സ്വാധീനിക്കും.
യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2024 -25 ല്‍ 7 ശതമാനമായിരിക്കും എന്നാണ് പ്രതീക്ഷ. 2024 ഏപ്രിൽ-ജൂൺ കാലയളവിലെ ജിഡിപി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർത്തി. ജൂലൈ-സെപ്റ്റംബറിലേക്കുള്ള നിഗമനം 6.5 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായും ഒക്ടോബർ-ഡിസംബർ കാലയളവിലെ 6.4 ശതമാനത്തിൽ നിന്ന് 7 ശതമാനമായും ഉയർത്തി. 2025 ജനുവരി-മാർച്ച് കാലയളവില്‍ 6.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
റീട്ടെയിൽ പണപ്പെരുപ്പത്തിൽ ഒരു മിതത്വം ഉണ്ടായിട്ടുണ്ടെങ്കിലും, അത് ഇപ്പോഴും ഉയർന്ന നിലയിലാണ് എന്ന് കേന്ദ്രബാങ്ക് വിലയിരുത്തുന്നു. 2023 ഡിസംബറിലെ കണക്കനുസരിച്ച്, പണപ്പെരുപ്പം 5.69 ശതമാനമായിരുന്നു. 2023-24 ലെ പണപ്പെരുപ്പം സംബന്ധിച്ച നിഗcനം 5.4 ശതമാനമായി നിലനിർത്തി. എന്നിരുന്നാലും, നിലവിലെ പാദത്തിൽ, പണപ്പെരുപ്പ നിഗമനം മുമ്പത്തെ 5.2 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
എപ്രില്‍- ഡിസംബര്‍ കാലയളവിലെ പണപ്പെരുപ്പ പ്രവചനം 4.5 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 4 ശതമാനവും, ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 4.6 ശതമാനവും വിലക്കയറ്റം പ്രതീക്ഷിക്കുന്നു. 2025 ജനുവരി-മാര്‍ച്ച് കാലയളവില്‍ 4.7 ശതമാനം വിലക്കയറ്റമാണ് പ്രതീക്ഷിക്കുന്നത്.