പണനയ സമിതി യോഗം ഇന്ന് മുതല്‍: ഇനിയും പലിശ ഉയരുമോ ?

  • ഡിസംബര്‍ ഏഴാം തീയതി വരെയാണ് മീറ്റിംഗ് നടക്കുക.
  • റിപ്പോ നിരക്ക് ഉയര്‍ത്താന്‍ സാധ്യത

Update: 2022-12-05 06:16 GMT

മുംബൈ: ആര്‍ബിഐ പണനയ സമിതിയുടെ മീറ്റിംഗിന് ആരംഭം. ഏഴാം തീയതി വരെയാണ് മീറ്റിംഗ് നടക്കുക. ഈ വര്‍ഷം മേയ് മുതല്‍ നാലു തവണയായി റിപ്പോ നിരക്കില്‍ 190 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. ഇതിന് പിന്നാലെ ഈ മാസം നടക്കുന്ന മീറ്റിംഗില്‍ പലിശ നിരക്ക് 25-35 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരിയ കുറവുണ്ടെങ്കിലും പണപ്പെരുപ്പം ഇപ്പോഴും തുടരുകയാണ്. ഒക്ടോബറില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം മുന്‍ മാസത്തെ 7.41 ശതമാനത്തില്‍ നിന്നും 6.77 ശതമാനത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍, ആര്‍ബിഐയുടെ സഹന പരിധിയായ ആറ് ശതമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും 35 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇപ്പോള്‍ അടിസ്ഥാന പലിശ നിരക്ക് 5.90 ശതമാനമാണ്. കഴിഞ്ഞ മൂന്ന് പണനയ അവലോകനത്തിലും അര ശതമാനം വീതമാണ് നിരക്കുയര്‍ത്തിയത്. അടിസ്ഥാന പലിശ നിരക്കിലുണ്ടാകുന്ന വര്‍ധന വായ്പ ചെലവുകള്‍ ഉള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഓരോ തവണ നിരക്കുയര്‍ത്തലിന് ശേഷവും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെല്ലാം വായ്പ നിരക്കില്‍ മാറ്റം വരുത്താറുണ്ട്.

ഇപ്പോള്‍ ഭവന വായ്പ അടക്കുമുള്ള വായ്പകളുടെ ചെലവ് ഏകദേശം രണ്ട ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കുടുംബ ബജറ്റിനെ പ്രത്യേകിച്ച് ഇടത്തരം വരുമാന പരിധിയില്‍ വരുന്നവരുടെ ബജറ്റിനെ കാര്യമായി തന്നെ ബാധിക്കും. ഇഎംഐ വര്‍ധിക്കാനോ അല്ലെങ്കില്‍ വായ്പ കാലയളവ് വര്‍ധിക്കാനോ നിരക്കുയര്‍ത്തല്‍ കാരണമാകുന്നുമുണ്ട്. നിലവില്‍ ഭവന വായ്ക്ക് മിക്ക ബാങ്കുകളും എട്ട് ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക് ഈടാക്കുന്നത്.

Tags:    

Similar News