രാം ലല്ല പ്രതിഷ്ഠ: ബാങ്കുകൾക്ക് ജനുവരി 22 ന് പകുതി ദിവസം അവധി
- അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിനാലാണ് അവധി
- പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിർവഹിക്കുന്നത്
- പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾക്കും ആർആർബികൾക്കും ഈ ഉത്തരവ് ബാധകമാകും
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിനാൽ പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവ ജനുവരി 22 ന് പകുതി ദിവസം അവധിയായിരിക്കുമെന്ന് ഇന്ത്യാ ഗവൺമെന്റ് പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം (പേഴ്സണൽ & ട്രെയിനിംഗ് വകുപ്പ്) ഒരു ഉത്തരവിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളുടെയും കാര്യത്തിൽ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
രാം ലല്ല പ്രാൺ പ്രതിഷ്ഠാ ആഘോഷത്തിൽ പങ്കെടുക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായി പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾക്കും ആർആർബികൾക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം അറിയിച്ചു..
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിലെ പുതിയ രാംലല്ലയുടെ വിഗ്രഹത്തിന്റെ 'പ്രാൻ പ്രതിഷ്ഠ' ചടങ്ങ് തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിർവഹിക്കുന്നത്.