പിഎല്‍ഐ ആനുകൂല്യം കിട്ടുന്ന ആദ്യ ഇ-സ്‍കൂട്ടര്‍ കമ്പനിയായി ഒല ഇലക്ട്രിക്
- ഡിസംബർ 27 ന് സർട്ടിഫിക്കേഷൻ അനുവദിച്ചു
- ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒല ഒന്നാം സ്ഥാനത്ത്
- ഒല ഇലക്ട്രികിന്‍റെ ഐപിഒ ഉടന്‍ വിപണിയിലെത്തും
ഉല്‍പ്പാദന അധിഷ്ഠിത ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ സബ്‌സിഡി ലഭിക്കാൻ ഒല ഇലക്ട്രിക് യോഗ്യമാണെന്ന് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം സാക്ഷ്യപ്പെടുത്തി. പിഎല്‍ഐ ലഭിക്കുന്ന ആദ്യ ഇ സ്‍കൂട്ടര്‍ നിർമാണ കമ്പനിയായി ഇതിലൂടെ ഒല ഇലക്ട്രിക് മാറിയിരിക്കുകയാണ്. ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ തുടങ്ങിയ നിരവധി കമ്പനികളും ആനുകൂല്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
ഡിസംബർ 27 ന് സർട്ടിഫിക്കേഷൻ അനുവദിച്ചുവെന്നാണ് ഒല വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നാലുമാസമാണ് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള പ്രക്രിയക്ക് എടുത്തത്.
ഉല്പന്നങ്ങൾക്ക് കൂടുതൽ മത്സരാധിഷ്ഠിത വില നൽകുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി കമ്പനികൾക്ക് പിഎല്‍ഐ സ്കീം സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്കാണ് പിഎല്‍ഐ അനുവദിക്കുന്നത്.
ഒല പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 5,500 കോടി രൂപ സമാഹരിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് പുതിയ പൊസിറ്റിവ് വാര്‍ത്ത എത്തിയിട്ടുള്ളത്. നിലവിലുള്ള ഓഹരിയുടമകൾ 1,750 കോടി രൂപയുടെ ഓഹരികൾ ഒഎഫ്എസ് (ഓഫർ ഫോർ സെയിൽ) വഴി വിൽക്കും. ഒല ഇലക്ട്രികിന് ഇപ്പൊള്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 33 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനമുണ്ട്.