ലിഥിയം ഖനനം ഇനി സ്വകാര്യ മേഖലയിലും; ബില്‍ ലോക്സഭ പാസാക്കി
- 6 ധാതുക്കളുടെ ഖനനത്തിന് സ്വകാര്യ മേഖലയ്ക്കുള്ള വിലക്ക് നീങ്ങും
- 2025-26ഓടെ കല്‍ക്കരി ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി
- ഇ- വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിന് ലിഥിയം വ്യാപകമായി ആവശ്യം
1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്റ്റ് ഭേദഗതി ലോക്സഭ പാസാക്കി. ലിഥിയം പോലുള്ള നിര്‍ണായക ധാതുക്കളുടെ ഖനനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിക്കുന്ന മാറ്റമാണ് വന്നത്. ഇതുവരെ ഉണ്ടായിരുന്ന ആക്റ്റ് ധാതുക്കളുടെ ലേലം അനുവദിച്ചിരുന്നില്ല, എന്നാൽ പാസാക്കപ്പെട്ട ഭേദഗതി അനുസരിച്ച് ആണവ ഇതര ധാതുക്കളുടെ ഖനനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം അനുവദിക്കും. ശബ്ദ വോട്ടോടെയാണ് സഭ ബില്‍ പാസാക്കിയത്.
കേന്ദ്ര കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ബിൽ ലോക്‌സഭയുടെ പരിഗണനയ്‌ക്കും പാസാക്കുന്നതിനുമായി അവതരിപ്പിച്ചത്. ബില്ലിലെ ഭേദഗതികൾ വലിയ മാറ്റമുണ്ടാക്കുമെന്നും 100 കോടി ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനും ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും ഇത് വഴിതെളിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2025-26 സാമ്പത്തിക വര്‍ഷത്തോടു കൂടി കല്‍ക്കരി ഇറക്കുമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നതായും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ലിഥിയം ഉള്‍പ്പടെ 6 ധാതുക്കളുടെ ഖനനത്തിനുള്ള വിലക്കുകള്‍ നീക്കപ്പെടും. ഇ-വാഹനങ്ങളിലേക്കുള്ള ത്വരിതഗതിയിലുള്ള മാറ്റത്തിന് അനിവാര്യമായ ധാതുവാണ് ലിഥിയം. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇ-വാഹന സ്വീകാര്യ ഉയര്‍ത്തുന്നതിന് ലിഥിയം പര്യവേക്ഷണം ദ്രുതഗതിയിലാക്കണമെന്നും അതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ജൂലൈ 12ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു.
ലിഥിയത്തിന്‍റെ സാധ്യത
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും മൃദുവായതുമായ ലോഹമായ ലിഥിയത്തിന് രാസ ഊര്‍ജ്ജം സംഭരിച്ച് വൈദ്യുതോർജ്ജമാക്കി മാറ്റാനാകും. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ നിര്‍മാണത്തില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് ഈ സവിശേഷതയാണ്. നിലവിൽ, ലോകത്തിലെ ലിഥിയം ഖനനത്തിന്‍റെ 47 ശതമാനം ഓസ്‌ട്രേലിയയിലും 30 ശതമാനം ചിലിയിലും 15 ശതമാനം ചൈനയിലുമാണ് നടക്കുന്നത്.
ലിഥിയത്തിനു പുറമേ നിക്കൽ, കോബാൾട്ട് തുടങ്ങിയ നിരവധി ധാതുക്കളുടെ ആവശ്യകത നിറവേറ്റാന്‍ നിലവില്‍ ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇ-വാഹനങ്ങളുടെ സ്വീകാര്യത ഉയര്‍ത്തേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ ലിഥിയത്തിന്‍റെ ആഭ്യന്തര ലഭ്യത ഉയര്‍ത്തേണ്ടതും അനിവാര്യമാണ്. അടുത്തിടെ ജമ്മു-കശ്മീരില്‍ ലിഥിയത്തിന്‍റെ വിപുലമായ ഖനന സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു.
പര്യവേക്ഷണ ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ ഭേദഗതിയുടെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ലേലത്തിലൂടെയാണ് ഈ ലൈസന്‍സുകള്‍ വിതരണം ചെയ്യുക. കമ്പനികളെ അവർ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലകൾ നിർദേശിക്കാൻ അനുവദിക്കും. സര്‍ക്കാര്‍ ഖനന മേഖലകള്‍ നിശ്ചയിച്ച് ലൈസന്‍സുകള്‍ അനുവദിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമാണിത്. 2014നു ശേഷം മൈൻസ് ആൻഡ് മിനറൽസ് ആക്റ്റില്‍ വരുത്തുന്ന അഞ്ചാമത്തെ മാറ്റമാണിത്.