ഡെല്‍ഹി: ചില സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി. സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുകയും, സുസ്ഥിര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട സമയത്ത് ഇത്തരം നീക്കം ഭാവിയിൽ നികുതി ദായകര്‍ക്ക് ഭാരമായിതീരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂലധന ചെലവ് ഉയര്‍ത്തുന്നതിന്റെ ആവശ്യവും ഊന്നി പറഞ്ഞ അദേഹം സ്വാകാര്യമേഖലയ്ക്ക് ഇക്കാര്യത്തില്‍ അര്‍ഹമായ പ്രധാന്യം വേണമെന്നും അഭിപ്രായപ്പെട്ടു.
പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കുന്നത് സര്‍ക്കാരാണ്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 2004 ഏപ്രില്‍ ഒന്നുമുതല്‍ ഈ പദ്ധതി നിര്‍ത്തലാക്കിയിരുന്നു. ജീവനക്കാര്‍ അവരുടെ ശമ്പളത്തിന്റെ 10 ശതമാനവും, സംസ്ഥാന സര്‍ക്കാര്‍ 14 ശതമാനവും സംഭാവന ചെയ്യുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ്-അദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനും ഛത്തീസ്ഗഡും ഇതിനകം തന്നെ ഒപിഎസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അ ധികാരത്തിലെത്തിയാല്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ജാര്‍ഖണ്ഡും ഒപിഎസിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബ് അടുത്തിടെ ഒപിഎസ് പുനഃസ്ഥാപിക്കുന്നതിന് അംഗീകാരം നല്‍കി.