ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപത്തിന് നേപ്പാള്‍
- ട്രാന്‍സ്മിഷന്‍ ലൈനുകളുടെ നിര്‍മ്മാണത്തില്‍ പിന്തുണ തേടി നേപ്പാള്‍
- ബദല്‍ വിമാന മാര്‍ഗങ്ങള്‍ നേടുന്നതിന് ചര്‍ച്ച നടത്തും
- ഇരു രാജ്യങ്ങളും തമ്മിലുള്ള ട്രാന്‍സിറ്റ് ഉടമ്പടി പുതുക്കും
ജലവൈദ്യുത പദ്ധതി വികസനത്തിന് പ്രത്യേകമായി ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപം ആഗ്രഹിക്കുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി എന്‍ പി സൗദ് പറഞ്ഞു. ഇന്ത്യന്‍ ഗ്രിഡ് പ്രയോജനപ്പെടുത്തി ബംഗ്ലാദേശിലേക്കും വൈദ്യുതി കയറ്റുമതി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയുമായി വൈദ്യുതി കരാര്‍ ഉണ്ടാക്കാനും രാജ്യം ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയ്ക്കൊപ്പം നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി സൗദ്, വ്യാപാരം, ഗതാഗതം, കണക്റ്റിവിറ്റി, അതിര്‍ത്തി പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന്് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ പറഞ്ഞു.
ജലവൈദ്യുത വികസനത്തിന് ഇന്ത്യയുടെ നിക്ഷേപം ആവശ്യമാണ്. ട്രാന്‍സ്മിഷന്‍ ലൈനുകളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ക്രെഡിറ്റ് ലഭിക്കാനും നേപ്പാള്‍ ആഗ്രഹിക്കുന്നതായി സഊദ് വിശദീകരിച്ചു. ഇന്ത്യയുമായി ദീര്‍ഘകാല വൈദ്യുതി കരാറില്‍ ഏര്‍പ്പെടാനാണ് നേപ്പാള്‍ ആഗ്രഹിക്കുന്നത്.
ഓഗസ്റ്റില്‍ നേപ്പാളും ബംഗ്ലാദേശും തമ്മില്‍ ഉണ്ടാക്കിയ കരാറിന് അനുസൃതമായി
ഇന്ത്യയുടെ നിലവിലുള്ള ട്രാന്‍സ്മിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി ബംഗ്ലാദേശിലേക്ക് 50 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്നു.
ബദല്‍ വിമാന മാര്‍ഗങ്ങള്‍ നേടുന്നത് സംബന്ധിച്ചും ഇരു രാജ്യത്തിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തും. 'നിലവിലുള്ള സിമാര എയര്‍ എന്‍ട്രി പോയിന്റ് വളരെ തിരക്കേറിയതിനാല്‍, മഹേന്ദ്രനഗര്‍, നേപ്പാള്‍ഗഞ്ച്, ജനക്പൂര്‍, ഭൈരഹവ തുടങ്ങിയ ബദല്‍ എയര്‍ എന്‍ട്രി പോയിന്റുകള്‍ ഉണ്ടാക്കാന്‍ നേപ്പാള്‍ ആഗ്രഹിക്കുന്നു, ഇതിനായി ഞങ്ങള്‍ക്ക് ഇന്ത്യയുടെ അനുമതി വേണം,' അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദര്‍ശന വേളയില്‍ നേപ്പാളിലെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് മഹാകാളി നദിയില്‍ നിര്‍മ്മിച്ച കനാല്‍ ഉദ്ഘാടനം ചെയ്യും.
2022 ഡിസംബറില്‍ അധികാരമേറ്റതിന് ശേഷമുള്ള 68-കാരനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റ് (സിപിഎന്‍-മാവോയിസ്റ്റ് സെന്റര്‍) നേതാവിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണിത്.
മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ധാരണ ഉണ്ടാക്കി മുന്നോട്ടുപോകുക, വികസനത്തിന്റെ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് നേപ്പാളിനുമുന്നിലുള്ള വെല്ലുവിളികള്‍.
നേപ്പാളും ഇന്ത്യയും തമ്മിലുള്ള ട്രാന്‍സിറ്റ് ഉടമ്പടി പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സൗദ് പറഞ്ഞു.ഉടമ്പടി 2019-ല്‍ കാലഹരണപ്പെട്ടതാണ്. നേപ്പാള്‍ അത് എത്രയും വേഗം പുതുക്കാന്‍ ആഗ്രഹിക്കുന്നു. കാരണം കരയില്ലാത്ത നേപ്പാളിന് ഇത് വളരെ പ്രധാനമാണ്. ട്രാന്‍സിറ്റ് ഉടമ്പടി ഒപ്പിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍.
നേപ്പാളിന് ഇന്ത്യയുമായി വലിയ വ്യാപാര കമ്മിയുണ്ട്. ഇത് കുറയ്ക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടക്കും. ഗതാഗതം സുഗമമാക്കുന്നതിന് പടിഞ്ഞാറന്‍ നേപ്പാളിലെ ദാദല്‍ദുര ജില്ലയെ ഇന്ത്യയിലെ ഉത്തരാഖണ്ഡുമായി ബന്ധിപ്പിക്കുന്ന പാതയിലെ ചില പാലങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ സഹായവും നേപ്പാള്‍ ആവശ്യപ്പെടും.
കാര്‍ഷിക മേഖലകളില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ നേപ്പാളും ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കാപ്പിയുടെയും കരിമ്പിന്റെയും ഹൈബ്രിഡ് വിത്തുകളാണ് നേപ്പാള്‍ ആഗ്രഹിക്കുന്നതെന്നും ഇതു സംബന്ധിച്ച കരാറും ഒപ്പുവെയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നുകാലി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് ഹൈബ്രിഡ് എരുമകളെ കൊണ്ടുവരാനും നേപ്പാളിന് പദ്ധതിയുണ്ട്.
അതിര്‍ത്തി പ്രശ്‌നത്തില്‍, ഒരു സംയുക്ത അതിര്‍ത്തി വര്‍ക്കിംഗ് ഗ്രൂപ്പ് ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് വകുപ്പിന്റെ കണക്കനുസരിച്ച്, മാര്‍ച്ച് പകുതിയോടെ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.61 ശതമാനം കുറഞ്ഞ് 656.8 ബില്യണിലെത്തിയിരുന്നു. അവലോകന കാലയളവില്‍ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 37.54 ശതമാനം കുറഞ്ഞ് 74.21 ബില്യണാവുകയും ചെയ്തു.