ദേശീയ റീട്ടെയില്‍ നയം ഉടന്‍; വ്യാപാരികള്‍ക്ക് അപകട ഇന്‍ഷൂറന്‍സ് സ്‌കീമും

  • എളുപ്പം വായ്പകള്‍ ലഭിക്കും
  • അപകട ഇന്‍ഷൂറന്‍സ് പദ്ധതിയും
  • റീട്ടെയില്‍ മേഖല കാര്യക്ഷമമാക്കും

Update: 2023-04-24 06:00 GMT

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ റീട്ടെയില്‍ നയവും അപകട ഇന്‍ഷൂറന്‍സ് പദ്ധതിയും ഉടന്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടിയില്‍ രജിസ്ട്രര്‍ ചെയ്ത റീട്ടെയില്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാനും പ്രഖ്യാപിക്കാനിരിക്കുന്ന നയം സഹായിച്ചേക്കുമെന്നാണ് വിവരം.

റീട്ടെയില്‍ മേഖലയില്‍ ഡിജിറ്റലൈസേഷനും വിതരണ ശ്യംഖല കാര്യക്ഷമമാക്കാനുള്ള നൂതനമായ അടിസ്ഥാന സൗകര്യങ്ങളുമൊക്കെ പോളിസിയുടെ ഭാഗമാകും. കൂടാതെ റീട്ടെയില്‍ വ്യാപാരികളില്‍ നൈപുണ്യവികസനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും. തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് കണ്‍സള്‍ട്ടിങ് ,പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ കൊണ്ടുവരും.

ഇതിനൊക്കെ പുറമേ ജിഎസ്ടിയില്‍ അംഗങ്ങളായിട്ടുള്ള റീട്ടെയില്‍ വ്യാപാരികള്‍ക്ക് വേണ്ടി അപകട ഇന്‍ഷൂറന്‍സ് സ്‌കീം നടപ്പാക്കാന്‍ വാണിജ്യ,വ്യാപാര മന്ത്രാലയം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ലോകത്തില്‍ തന്നെ ഏറ്റവും വലിയ നാലാമത്തെ റീട്ടെയില്‍ വിപണി ഇന്ത്യയുടേതാണ്. ഇ-കൊമേഴ്‌സ് മേഖലയില്‍ മാത്രം ഒതുങ്ങാതെ സാധാരണ റീട്ടെയില്‍ വ്യാപാരികളെ കൂടി ദേശീയ ചില്ലറ വ്യാപാര നയത്തിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണിത്.

വ്യാപാരം എളുപ്പമുള്ളതാക്കാനും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും കൂടുതല്‍ വായ്പകള്‍ എളുപ്പം ലഭിക്കാനും വ്യാപാരികളെ പിന്തുണക്കാനുള്ള നയങ്ങളായിരിക്കും പോളിസിയിലുണ്ടാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഈ പോളിസിയില്‍ വ്യാപാരികള്‍ക്കുള്ള എല്ലാവിധ കാര്യങ്ങള്‍ക്കും വേണ്ടി ഒരു ഏകജാലക സംവിധാനം കൂടി കൊണ്ടുവരുമെന്നും വിവരമുണ്ട്.

Tags:    

Similar News