ജനസംഖ്യ കൂട്ടാന്‍ ജപ്പാന്റെ 'റിവേഴ്‌സ് മൈഗ്രേഷന്‍', കുട്ടിയൊന്നിന് 10 ലക്ഷം 'ഇനാം'
- കുടിയേറ്റം നടത്തുന്ന കുടുംബത്തിന് 10 ലക്ഷം യെന്‍ കൊടുക്കുന്നതിന് പുറമേയാണ് ഓരോ കുട്ടിയ്ക്കും 10 ലക്ഷം വീതം അധികമായി നല്‍കുന്നത്.
ടോക്കിയോ : ജനസംഖ്യ ഗണ്യമായി ഇടിയുന്നതിന് പരിഹാരമായി ഗ്രാമീണ മേഖലകളിലേക്ക് കുടിയേറുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക ഉത്തേജന പാക്കേജുമായി ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ പ്രസവ ഗ്രാന്റ് 4,20,000 യെന്നായി ഉയര്‍ത്തിയിട്ടും ഫലം കാണാത്തതതിന് പിന്നാലെയാണ് ഗ്രാമ പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. നിലവിലെ സ്ഥിതി നോക്കിയാല്‍ ജപ്പാനിലെ ഗ്രാമ പ്രദേശങ്ങളില്‍ ജനവാസം തീരെ കുറവാണ്. ഉള്ളവരാണെങ്കില്‍ അധികവും 65 വയസിന് മുകളില്‍ പ്രായമുള്ളവരും.
എന്നാല്‍ ടോക്കിയോ നഗരത്തില്‍ ഉള്ള ആളുകളുടെ അനുപാതം താരമതമ്യേന കൂടുതലാണ്. യുവാക്കളാണ് ഇതില്‍ ഭൂരിഭാഗവും. ജോലി ആവശ്യത്തിനായിട്ടാണ് ഇവര്‍ ഗ്രാമങ്ങള്‍ വിട്ട് തലസ്ഥാന നഗരിയിലേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനസംഖ്യ കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിലേക്ക് ഇത്തരത്തിലുള്ളവരെ മാറ്റി പാര്‍പ്പിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുക എന്ന നീക്കത്തിലാണ് സര്‍ക്കാര്‍. അതിനായി കുടുംബത്തിലെ ഓരോ കുട്ടിക്കും 10 ലക്ഷം യെന്‍(ജപ്പാന്‍ കറന്‍സി) വീതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇത് ഏകദേശം 6,33,000 ഇന്ത്യന്‍ രൂപ വരും. കുടിയേറ്റം നടത്തുന്ന കുടുംബത്തിന് 10 ലക്ഷം യെന്‍ കൊടുക്കുന്നതിന് പുറമേയാണ് ഓരോ കുട്ടിയ്ക്കും 10 ലക്ഷം വീതം അധികമായി നല്‍കുന്നത്.
പദ്ധതി പ്രകാരം 2027 ഓടെ 10,000 പേരെങ്കിലും ടോക്കിയോ വിട്ട് ഗ്രാമങ്ങളിലേക്ക് നീങ്ങും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2019ലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. ആ വര്‍ഷം 71 കുടുംബങ്ങള്‍ ധനസഹായം കൈപ്പറ്റി ടോക്കിയോ വിട്ടു. 2020 ല്‍ 290 ഉം 2021 ല്‍ 1184 കുടുംബങ്ങളും പദ്ധതിയുടെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലേക്ക് കുടിയേറിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ടോക്കിയോയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം താമസിച്ചവര്‍ക്കാണ് സര്‍ക്കാരിന്റെ ഈ 'കുടിയേറ്റ ഗ്രാന്റിനായി' അപേക്ഷിക്കുവാന്‍ സാധിക്കുക.
ഗ്രാമങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് സ്വന്തം സംരംഭം തുടങ്ങുന്നതിനായിട്ടുള്ള ഗ്രാന്റും സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ കുടിയേറുന്നവര്‍ അവിടെ ചെന്ന് അഞ്ച് വര്‍ഷം തങ്ങണമെന്നും നിബന്ധനയുണ്ട്. ഇത് പാലിക്കാതെ ഗ്രാമ പ്രദേശത്ത് നിന്നും തിരികെ വന്നാല്‍ ലഭിച്ച ധനസഹായം മടക്കി നല്‍കേണ്ടി വരും. 2021ല്‍ ജപ്പാനില്‍ ആകെ 8,11,604 കുട്ടികളാണ് ജനിച്ചത്. ഇത് 1899ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലെ കണക്ക് നോക്കിയാല്‍ ജനന നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ജപ്പാന്‍.
പ്രസവത്തിനുള്ള ഗ്രാന്റ് വര്‍ധിപ്പിച്ചെങ്കിലും ജപ്പാനിലെ ആശുപത്രികളില്‍ പ്രസവത്തിനുള്ള ചെലവ് ഏകദേശം ഏഴ് ലക്ഷം യെന്‍ വരെ വരുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ദൈനംദിന ചെലവും അവശ്യവസ്തുക്കളുടെ വിലയും ഉള്‍പ്പടെ ഉയര്‍ന്നു നില്‍ക്കുന്നതും പൊതുജനത്തിന് തിരിച്ചടിയാകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയും വളരെ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഇതുവരെയുള്ള കണക്ക് പ്രകാരം ഏകദേശം 57,944 പേരാണ് ജപ്പാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 2.94 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.