പുതിയ പാര്‍ലമെന്റ് മന്ദിരം; ആശംസയുമായി ചൈന
- ആശംസ നിരവധി ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍
- പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ ഇന്ത്യക്ക് ഓര്‍മ്മപ്പെടുത്തല്‍
- കോളനിവല്‍ക്കരണത്തിന്റെ തിരുശേഷിപ്പുകള്‍ ഒഴിവാക്കപ്പെടേണ്ടത്
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ആശംസയുമായി ചൈന. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇരു രാജ്യങ്ങളുമായി കനത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെയ്ജിംഗ് ആശംസയുമായി എത്തിയത് വിശകലന വിദഗ്ധരെപ്പോലും അമ്പരപ്പിച്ചു.
ലോകത്തിലെ മിക്കവേദികളിലും ഇന്ത്യക്കെതിരായ നിലപാടുകള്‍ മാത്രമാണ് കാലങ്ങളായി അവര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു ആശംസ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആശംസയോടൊപ്പം വികസനത്തിനുള്ള രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ ആത്മാര്‍ത്ഥമാണെന്നും ബെയ്ജിംഗ് പ്രസ്താവിച്ചു. ഇന്ത്യയില്‍ത്തന്നെ പ്രതിപക്ഷം വിട്ടുനിന്ന ചടങ്ങിനെ പുകഴ്ത്തിയാണ് ചൈന എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ നീക്കം ചെയ്യുന്നതിനെ ധാര്‍മികമായും വൈകാരികമായും തങ്ങള്‍ പിന്തുണയ്ക്കുന്നതായി ചൈനീസ് ഭരണകൂട മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ വന്ന തുറന്ന മുഖപ്രസംഗത്തില്‍ പറയുന്നു. ഒപ്പം പാശ്ചാത്യരുടെ ചൂഷണത്തെക്കുറിച്ചും ഇന്ത്യ അറിഞ്ഞിരിക്കണമെന്ന് ലേഖനം ഓര്‍മ്മിപ്പിക്കുന്നു.
ചൈനയെ ചൊല്ലി പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ആവര്‍ത്തിച്ച് ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും അത് ഇന്ത്യ അറിഞ്ഞിരിക്കണമെന്നും അതില്‍ പറയുന്നു.
കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്ന നടപടികളുടെ പ്രധാനഭാഗമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം. അത് ഒരു വലിയ പ്രതീകമായി മാറും -ഗ്ലോബല്‍ ടൈംസ് വെബ്‌സൈറ്റ് പറയുന്നു.
എന്നിരുന്നാലും, കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ സംസ്‌കാരത്തില്‍ നിന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യുക എന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമെന്നും അത് കൂട്ടിച്ചേര്‍ക്കുന്നു.
കോളനിവല്‍ക്കരണത്തിന്റെ തിരുശേഷിപ്പുകള്‍ ഒഴിവാക്കുന്നത് എത്രത്തോളം കൈവരിക്കാനാകുമെന്നതില്‍ അനിശ്ചിതത്വമുണ്ട്. സാധ്യമായ ഏറ്റവും കുറഞ്ഞ ചെലവില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വിജയിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു-ചൈനീസ് പത്രം വിശദീകരിക്കുന്നു.
പഴയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ നിയോ കൊളോണിയലിസത്തിന്റെ പുതിയ രൂപങ്ങള്‍ വഹിക്കുന്ന പാശ്ചാത്യരുടെ കൃത്രിമത്വത്തിനെതിരെ ജാഗ്രത പാലിക്കാനും ഇന്ത്യയെ 'സൗഹൃദ ഓര്‍മ്മപ്പെടുത്തല്‍' അവര്‍ നടത്തിയിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ 200 വര്‍ഷത്തെ ഭരണം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇപ്പോള്‍ പാശ്ചാത്യര്‍ പ്രത്യേകിച്ച് യുഎസ് കൂടുതല്‍ രഹസ്യമായ നടപടികളാണ് ആസൂത്രണം ചെയ്യുന്നത്.
യുഎസ് ഇന്ന് ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതും സഖ്യരാജ്യമാക്കുന്നതും ചൈനയെ പ്രതിരോധിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് എന്ന് ഇന്ത്യ ഓര്‍മ്മിപ്പിക്കാനാണ് ചൈന ഇവിടെ ശ്രമിച്ചത്. യുഎസ് ഇപ്പോള്‍ മേഖലയില്‍ ഒരു മത്സര സാഹചര്യം സൃഷ്ടിച്ചെടുക്കുകയാണെന്നും ബെയ്ജിംഗ് ആരോപിക്കുന്നു.
പ്രത്യക്ഷമായ മാര്‍ഗങ്ങളിലൂടെ രാജ്യങ്ങളെ കീഴടക്കാന്‍ പാശ്ചാത്യര്‍ക്ക് ഇനി മാര്‍ഗമില്ലെന്നും അതിനാല്‍ അവര്‍ മറ്റ് മാര്‍ഗങ്ങള്‍ അവംലംബിക്കുകയാണെന്നും പത്രം പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ആവര്‍ത്തിച്ച് ആഹ്ലാദിപ്പിക്കുകയാണ്. അതിര്‍ത്തി പ്രശ്നങ്ങളില്‍ അവര്‍ ഇന്ത്യയുടെ പക്ഷം പിടിക്കുകയും 'ഇന്ത്യയ്ക്കൊപ്പം നില്‍ക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതായി സൈറ്റ് പറയുന്നു.
കൊളോണിയല്‍ മുദ്രയില്‍ നിന്ന് മുക്തി നേടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ള തന്ത്രങ്ങളെയും എല്ലാം ഒഴിവാക്കി ദേശീയ ശക്തി,തന്ത്രപരമായ വ്യക്തത, സ്വാതന്ത്ര്യം എന്നിവയലൂന്നി പ്രവര്‍ത്തിക്കുകയുമാണ് വേണ്ടെതെന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു.
ചൈനയും ഇന്ത്യയും തമ്മിലുള്ള സമാനതകളും ഇരു രാജ്യങ്ങളുടെയും കിഴക്കന്‍ ജ്ഞാനവും 'ഒരു ഭൂമി, ഒരു കുടുംബം' എന്ന വാദവും ഗ്ലോബല്‍ ടൈംസ് എടുത്തു കാട്ടുന്നു. ചൈനയുടെയും ഇന്ത്യയുടെയും ഉയര്‍ച്ചയെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ലോകം പര്യാപ്തമാണെന്നും പത്രം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വികസനത്തിനായുള്ള ചൈനയുടെ ആഗ്രഹങ്ങള്‍ ആത്മാര്‍ത്ഥമാണ്. ഇരു രാജ്യങ്ങള്‍ക്കും വിജയം ഇവിടെ വിജയം നേടാനാകുമെന്ന് ബഹുഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു.ചൈനയുമായും പാശ്ചാത്യരാജ്യങ്ങളുമായും ഇടപെടുമ്പോള്‍ അത്തരം വ്യക്തതയും ആത്മവിശ്വാസവും കൂടുതല്‍ കാണിക്കാന്‍ പത്രം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.