ഐഎംഎഫിന്റെ അഭിപ്രായം ഇ-റുപ്പിയ്ക്ക് 'ഇരട്ടി മൈലേജ്' നല്‍കിയേക്കും
- ആഗോള ഇടപാടില്‍ വലിയ തുകകള്‍ അടങ്ങുന്ന ഇ-റുപ്പി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചേക്കും.
ഡെല്‍ഹി: ആര്‍ബിഐയുടെ നേതൃത്വത്തിലിറക്കുന്ന സിബിഡിസിയായ ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്ടുകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് അന്താരാഷ്ട്രതലത്തില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ ഇ-റുപ്പി ഉപയോഗം ഫലപ്രദമാകുന്നതോടെ ഇവയുടെ സ്വീകാര്യത വര്‍ധിക്കും. ഇത് കൂടുതല്‍ ഇ-റുപ്പി ഇറക്കുന്നതിനും സഹായകരമാകും. നിലവില്‍ ഇന്ത്യയ്ക്കകത്ത് യുപിഐ വഴിയുള്ള ഇടപാടാണ് കൂടുതലും.
കൃത്യമായി പറഞ്ഞാല്‍ റീട്ടെയില്‍ ഇടപാടുകളിലെ 80 ശതമാനവും യുപിഐ വഴിയാണ്. അതിനാല്‍ തന്നെ സാധാരണക്കാരുടെ ഇടയില്‍ ഇ-റുപ്പി ഉപയോഗം വ്യാപിക്കാന്‍ ഇടയില്ല. എന്നാല്‍ ആഗോള ഇടപാടില്‍ വലിയ തുകകള്‍ അടങ്ങുന്ന ഇ-റുപ്പി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചേക്കും. സുതാര്യവും വിശ്വസ്തവുമായ ഡിജിറ്റല്‍ കറന്‍സിയായതിനാല്‍ മിക്ക രാജ്യങ്ങളും ഇടപാടുകളില്‍ ഇ-റുപ്പി സ്വീകരിക്കുകയും ചെയ്യും.
ഇ-റുപ്പി ഉപയോഗിച്ചുള്ള ഇടപാടുകളെ പറ്റി ആഴത്തിലറിയാന്‍ നവംബര്‍ ഒന്നിന് ഹോള്‍സെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ട് ആരംഭിച്ചിരുന്നു. ഡിസംബര്‍ ഒന്നു മുതലാണ് റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. നിലവില്‍ നടത്തുന്ന പ്രോജക്ടുകള്‍ ആഴത്തില്‍ പഠിച്ച ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തി സാധാരണക്കാരിലേക്കുള്‍പ്പടെ ഇ-റുപ്പി വൈകാതെ എത്തും.
ആര്‍ബിഐയുടെ ധനനയത്തിന് അനുസൃതമായി സൃഷ്ടിച്ചെടുത്തിരിക്കുന്നതാണ് ഇ-റുപ്പി. കേന്ദ്ര ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ മാത്രമാകും ഇത് ബാധ്യതയായി രേഖപ്പെടുത്തുക. അതായത് ആര്‍ബിഐയില്‍ നിന്നും ഒരു തവണ ഇറക്കുന്ന കറന്‍സി പിന്നീട് ഡിജിറ്റലായി തന്നെ സര്‍ക്കുലേറ്റ് (വിനിമയം) നടത്തുകയാകും. സര്‍ക്കാര്‍ ഇറക്കുന്നതിനാല്‍ തന്നെ ഇ-റുപ്പി ഒരു ലീഗല്‍ ടെണ്ടറാണ്. അതായത് ഒരു സാഹചര്യത്തിലും ഈ ഡിജിറ്റല്‍ രൂപയുടെ മൂല്യം നിഷേധിക്കപ്പെടില്ല. ഇ-റുപ്പി ഫിയറ്റ് മണിയാക്കി (നോട്ടു രൂപത്തിലുള്ള പണം) മാറ്റാന്‍ എളുപ്പമാണ്.
രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കും (ഇത് പൂര്‍ണമായും നടപ്പാക്കുന്നതോടെയാകും എല്ലാ ബാങ്കുകളിലും ഇടപാട് സാധ്യമാകുക). ഇ-റുപ്പി കൈവശം വെക്കുന്നതിന് പ്രത്യേകം ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. പകരം ഇ-റുപ്പി സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും വിധമുള്ള ഡിജിറ്റല്‍ വാലറ്റ് മതിയാകും. അതിനാലാണ് ഇതൊരു ഫംജിബിള്‍ ലീഗല്‍ ടെണ്ടറാണെന്ന് പറയുന്നത്. അതായത് ലളിതമായി തന്നെ കൈമാറ്റം ചെയ്യാന്‍ സാധിക്കും.