പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യ ഘട്ട ഹരിത ബോണ്ട് (ഗ്രീന്‍ ബോണ്ട്) ലേലം നാളെ നടക്കും. കാലാവസ്ഥ വ്യതിയാനമടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങളെ ചെറുക്കാന്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത ബോണ്ട് വിപണിയില്‍ ഇന്ത്യയും സജീവമാകുന്നത്. സര്‍ക്കാര്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ബോണ്ടിലൂടെ 16,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 8,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. നാലായിരം കോടി രൂപയുടെ അഞ്ച്, പത്ത് വര്‍ഷ കാലയളവുകളിലായാണ് ആദ്യഘട്ടത്തില്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നത്. ഫെബ്രുവരി ഒമ്പതിനാണ് രണ്ടാംഘട്ട ഇഷ്യു. 2022 നവംബറിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഹരിത ബോണ്ടുകളുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കിയത്.
എന്താണ് ഗ്രീന്‍ ബോണ്ട്?
ബോണ്ട് ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം പരിസ്ഥിതി പ്രാധാന്യമുള്ള പ്രോജക്ടുകളിലേക്ക് ചെലവഴിക്കുന്നതാണ് ഗ്രീന്‍ ബോണ്ടുകളെ മറ്റ് ബോണ്ടുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സൗരോര്‍ജ്ജം, ഗതികോര്‍ജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന മറ്റ് പൊതുമേഖല പദ്ധതികള്‍ എന്നിവയ്ക്കായാണ് ഗ്രീന്‍ ബോണ്ടുകളിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുന്നത്.
എങ്ങനെ വാങ്ങാം?
ബോണ്ട് ഇഷ്യു ചെയ്താല്‍ മറ്റ് ബോണ്ടുകള്‍ വാങ്ങുന്നതുപോലെ ഗ്രീന്‍ ബോണ്ടുകളും വിപണിയില്‍ നിന്നും വാങ്ങാം. ചെറുകിട നിക്ഷേപകര്‍ക്കായി അഞ്ച് ശതമാനം നീക്കി വെയ്ക്കും. ബോണ്ട് വാങ്ങുന്നവര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ആഗോളതലത്തിലും, ആഭ്യന്തര തലത്തിലും ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് നിലവില്‍ സോവ്റിന്‍ ബോണ്ടുകളുടെ യീല്‍ഡിന്റെ അഞ്ച് മുതല്‍ 10 ബേസിസ് പോയിന്റ് താഴെയായിരിക്കും ഹരിത ബോണ്ടുകളുടെ പ്രീമിയം അഥവാ ഗ്രീനിയം എന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള തലത്തില്‍ ലഭിക്കുന്ന ഗ്രീനിയം അതേ നിരക്കില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്ച്ച നടത്തിയ 50 വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഹരിത ബോണ്ടില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്ച്ച ആര്‍ബിഐ വിദേശ നിക്ഷേകര്‍ക്ക് ഹരിത ബോണ്ടില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.