ഇ-വാഹനങ്ങള്‍ക്കുള്ള ഫെയിം II പദ്ധതി നീട്ടിയേക്കും
- 2024 മാര്‍ച്ച് വരെയാണ് പദ്ധതിയുടെ നിലവിലെ കാലാവധി
- 10,000 കോടി രൂപയുടെ പദ്ധതിയാണിത്.
രാജ്യത്ത് ഇ- വാഹന സ്വീകാര്യത ഉയര്‍ത്തുന്നതിനുള്ള പദ്ധതിയായ ഫെയിം II ( ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ-FAME II) നല്‍കുന്ന ആനുകൂല്യങ്ങൾ നിലവില്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് അപ്പുറത്തേക്ക് നീട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഫെയിം II പദ്ധതി അവസാനിക്കുകയാണെങ്കിലും ഈ പദ്ധതി നീട്ടുന്നതിനെ കുറിച്ച് അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഇതിന്‍റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹനീഫ് ഖുറേഷി പറയുന്നത്.
ന്യൂഡൽഹിയിൽ ഫിക്കി അവാർഡ്‍സ് ഫോര്‍ എക്‌സലൻസ് ഇന്‍ മെയിന്റനൻസ് സിസ്റ്റംസ് & കോൺഫറൻസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 10,000 കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന ഫെയിം പദ്ധതിക്ക് 5 വര്‍ഷത്തെ കാലാവധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
നേരത്തേ ജൂണ്‍ 1 മുതല്‍ ഫെയിം-II പദ്ധതിയിലൂടെ നല്‍കുന്ന സബ്‍സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻസെന്റീവിന്‍റെ പരിധി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ എക്‌സ്-ഫാക്‌റ്ററി വിലയുടെ 15 ശതമാനമായിരിക്കും. നിലവില്‍ 40 % ഇന്‍സെന്‍റിവാണ് നല്‍കിയിരുന്നത്.. ഇലക്ട്രിക് വാഹനങ്ങളെയും ഹൈബ്രിഡ് വാഹനങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഫെയിം പദ്ധതി 2019 ഏപ്രില്‍ 1നാണ് ആരംഭിച്ചത്. ആദ്യം മൂന്ന് വർഷത്തേക്ക് പ്രഖ്യാപിച്ച പദ്ധതി പിന്നീട് 2024 മാര്‍ച്ച് 31 വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു