ഡീസല്‍ വാഹനങ്ങള്‍ക്ക് 10% അധിക ജിഎസ്‍ടി പരിഗണനയില്‍: ഓട്ടോ ഓഹരികള്‍ക്ക് ഇടിവ്

  • അധിക നികുതി ഉടന്‍ പരിഗണിക്കില്ലെന്ന് വിശദീകരണം
  • ഇന്ത്യയിലെ വാണിജ്യ വാഹനങ്ങള്‍ ഏറക്കുറേ പൂര്‍ണമായി ഡീസലില്‍

Update: 2023-09-12 08:08 GMT

ഡീസൽ എഞ്ചിൻ വാഹനങ്ങൾക്ക് 10% അധിക ജിഎസ്ടി ചുമത്താനുള്ള നിർദ്ദേശം സംബന്ധിച്ച് ഇന്ന് വൈകിട്ട് ധനമന്ത്രി നിർമല സീതാരാമനോട് ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി. ന്യൂഡൽഹിയിൽ, വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം-ന്‍റെ  വാർഷിക കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മലിനീകരണത്തിന് ചുമത്തുന്ന നികുതി (പൊലൂഷന്‍ ടാക്സ്) എന്ന നിലയിലായിരിക്കും അധിക ജിഎസ്‍ടി ചുമത്തുക എന്നും ഗഡ്‍കരി കൂട്ടിച്ചേര്‍ത്തു

"ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം കുറയ്ക്കാൻ ഓട്ടൊമൊബൈല്‍ വ്യവസായത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടത് അനിവാര്യമാകും," ഗഡ്‍കരി മുന്നറിയിപ്പ് നൽകി. നികുതി വര്‍ധിപ്പിക്കുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന ശ്രമകരമാകും. ഇത് പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കുള്ള  മാറ്റത്തിന് സഹായകമാകും. എന്നാല്‍ അധിക നികുതി ഉടന്‍ നടപ്പാക്കുന്നത് സജീവ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. 

ഡീസല്‍ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് പാസഞ്ചർ ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രാദേശിക വിപണിയിൽ വിറ്റഴിച്ച മൊത്തം പാസഞ്ചർ വാഹനങ്ങളുടെ ഏകദേശം 18 ശതമാനം മാത്രമാണ്  ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. എങ്കിലും ഇന്ത്യയിലെ വാണിജ്യ വാഹനങ്ങള്‍ ഏറക്കുറേ പൂര്‍ണമായി ഡീസലിലാണ് ഓടുന്നത്. 

ഗഡ്‍കരിയുടെ പ്രഖ്യാപനം ഓട്ടോമൊബൈല്‍ ഓഹരികളുടെ ഇടിവിനും കാരണമായി. ടാറ്റാ മോട്ടോര്‍സ്, മാരുതി സുസുക്കി, ഹോണ്ട ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ് എന്നീ ഓഹരികളെല്ലാം ഇടിവിലാണ് വ്യാപാരം നടത്തുന്നത്. 

Tags:    

Similar News