ഗെയ്മിംഗ് കമ്പനികള്‍ക്ക് മൊത്തമായി 1 ലക്ഷം കോടി രൂപയുടെ നികുതി നോട്ടീസ്

  • ഡ്രീം11, ഗെയിംസ്‌ക്രാഫ്റ്റ്, ഡെൽറ്റ കോർപ്പറേഷൻ എന്നിവയ്ക്ക് നോട്ടീസ്
  • ഡെൽറ്റ കോർപ്പറേഷൻ ഓഹരികള്‍ക്ക് ഇന്ന് മുന്നേറ്റം
  • ന്യായരഹിതമായ ക്ലൈമുകളാണ് നോട്ടീസില്‍ ഉള്ളതെന്ന് കമ്പനികള്‍

Update: 2023-10-25 08:27 GMT

ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്ക് മൊത്തമായി ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നികുതി കുടിശ്ശിക നോട്ടീസ് ലഭിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയുടെ വിറ്റുവരവിന് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയതിനു പിന്നാലെയാണ് നികുതി അധികൃതരുടെ നടപടികളും ശക്തമായത്. 

നികുതി വെട്ടിപ്പ് ആരോപിച്ച് ഒന്നിലധികം ഗെയിമിംഗ് കമ്പനികൾക്ക് നികുതി അധികാരികൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇതിലെ മൊത്തം തുക ഒരു ലക്ഷം കോടി രൂപയോളം വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ഒരു മാസമായി, ഡ്രീം11, ഗെയിംസ്‌ക്രാഫ്റ്റ്, ഡെൽറ്റ കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ഗെയിമിംഗ് കമ്പനികൾക്ക് സർക്കാരിൽ നിന്ന് നികുതി നോട്ടീസുകള്‍ ലഭിച്ചു. ന്യായരഹിതമായ ക്ലൈമുകളാണ് നോട്ടീസില്‍ ഉള്ളതെന്നാണ് ഈ കമ്പനികളെല്ലാം പ്രതികരിച്ചിട്ടുള്ളത്. 

കയറി ഡെല്‍റ്റ കോര്‍പ്പിന്‍റെ ഓഹരികള്‍

നികുതി നോട്ടീസുകള്‍ക്കെതിരേ കാസിനോ ഓപ്പറേറ്ററായ ഡെൽറ്റ കോർപ്പറേഷനും അനുബന്ധ സ്ഥാപനങ്ങളും സമര്‍പ്പിച്ച ഹര്‍ജി ഒക്റ്റോബര്‍ 21ന് ഗോവ ഹൈക്കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ, ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസുകള്‍ക്കു മേല്‍ അന്തിമ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതി നികുതി അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ പൂർത്തിയാക്കുന്നതിനും അത്തരം റിട്ട് ഹർജികളുടെ വാദം കേൾക്കുന്നതിനും അന്തിമ തീർപ്പാക്കുന്നതിനുമുള്ള തീയതികൾ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും ഡെല്‍റ്റ കോര്‍പ്പറേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

ഈ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ഡെൽറ്റ കോർപ്പറേഷന്‍റെ ഓഹരികൾ ഇന്ന് തുടക്ക വ്യാപാരത്തിൽ 8 ശതമാനത്തിലധികം ഉയർന്നു. ഉച്ചയ്ക്ക് 1.42നുള്ള വിവരം അനുസരിച്ച് 2.58% ശതമാനം നേട്ടത്തിലാണ് ഡെല്‍റ്റ കോര്‍പ്പിന്‍റെ ഓഹരികള്‍

Tags:    

Similar News