ജി20 ഇന്‍ഫ്രാ ഗ്രൂപ്പ് മീറ്റിംഗ് ഇന്നു മുതല്‍

  • യോഗം ഉത്തരാഘണ്ഡിലെ ഋഷികേശില്‍ 28 വരെ
  • സുസ്ഥിര മാതൃകയില്‍ സാമ്പത്തിക നഗരങ്ങളുടെ വികസനം ചര്‍ച്ചയാകും
  • ഫണ്ട് സമാഹരണത്തിനുള്ള നൂതന വഴികളും തേടും

Update: 2023-06-26 04:55 GMT

മൂന്നാമത് ജി20 ഇൻഫ്രാസ്ട്രക്ചർ വർക്കിംഗ് ഗ്രൂപ്പ് (ഐഡബ്ല്യുജി) യോഗം ഇന്നു മുതല്‍ 3 ദിവസങ്ങളിലായി ഉത്തരാഖണ്ഡില്‍ നടക്കും. പശ്ചാത്തല സൗകര്യ വികസന മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപിക്കുന്നതിനുള്ള നൂതന വഴികൾ യോഗം ചര്‍ച്ച ചെയ്യും, ഭാവിയിലെ 'സാമ്പത്തിക നഗരങ്ങള്‍' ഉള്‍ച്ചേര്‍ക്കല്‍ മനോഭാവത്തിലും സുസ്ഥിര വികസന മാതൃകകളിലും വികസിപ്പിച്ചെടുക്കുക എന്ന ആശയത്തിലൂന്നിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുകയെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴില്‍ 2023ല്‍ ജി20  മുന്നോട്ടുവെക്കുന്ന ഇൻഫ്രാസ്ട്രക്ചർ അജണ്ടയെക്കുറിച്ചും മാർച്ചിൽ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഐഡബ്ല്യുജി യോഗത്തിൽ നടന്ന ചർച്ചകളുടെ തുടർനടപടികളെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും. ജി 20 അംഗരാജ്യങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി മൊത്തം 63 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഉത്തരാഖണ്ഡിലെ ഋഷികേശിൽ നടക്കുന്ന യോഗം 28നാണ് സമീപിക്കുന്നത്. 

ഇൻഫ്രാസ്ട്രക്ചറിനെ ഒരു ആസ്‍തി വിഭാഗമായി വികസിപ്പിക്കുക, ഗുണമേന്മയുള്ള ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇൻഫ്രാസ്ട്രക്ചർ നിക്ഷേപത്തിന് ഫണ്ട് സമാഹരിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തിരിച്ചറിയൽ എന്നിവയുൾപ്പെടെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവിധ വശങ്ങളെ കുറിച്ച് G20 ഇൻഫ്രാസ്ട്രക്ചർ വർക്കിംഗ് ഗ്രൂപ്പ് ചർച്ച ചെയ്യും. ഐഡബ്ല്യുജി ചര്‍ച്ചകളുടെ ഫലങ്ങള്‍ ജി20-യുടെ ധനകാര്യ മുന്‍ഗണനകളിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ഇത് പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ ആസൂത്രണത്തെ സഹായിക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

നേരത്തേ ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്കു കീഴില്‍ 5 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ നടന്നിരുന്നു. ജൂണ്‍ 19മുതല്‍ 21 വരെ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ധനകാര്യ വര്‍ക്കിംഗ് കമ്മിറ്റി യോഗവും 21 -22 തീയതികളിലായി ഗോവയില്‍ ടൂറിസം വര്‍ക്കിംഗ് കമ്മിറ്റി യോഗവും നടന്നു. നിരവധി മന്ത്രിതല, ഉദ്യോഗസ്ഥ തല യോഗങ്ങളും സെപ്റ്റംബറില്‍ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കു മുന്നോടിയായി നടക്കും.

Tags:    

Similar News