എതിര്‍പ്പുമായി കപില്‍ദേവും സീനത്ത് അമനും; എന്താണ് ലൈവ്‍സ്‍റ്റോക്ക് ബില്‍ 2023?

  • സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി #saynotolivestockbill2023
  • മൃഗങ്ങളുടെ ജീവനോടെയുള്ള കയറ്റുമതി ക്രൂരതയെന്ന് മൃഗസ്നേഹികള്‍
  • എതിര്‍പ്പുമായി വിവിധ മത സംഘടനകളും

Update: 2023-06-20 10:25 GMT

‍കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ലൈവ്‍സ്‍റ്റോക്ക് ബില്ലില്‍ എതിര്‍പ്പുകള്‍ ശക്തമാക്കുന്നു. മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ജൂണ്‍ 7നാണ് ബില്ലിന്‍റെ കരട് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിക്കൊണ്ട്, കരട് പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നാലെ സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍ നിന്നുവരെ ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരേ അഭിപ്രായമുയര്‍ന്നു. ഈ ശനിയാഴ്ചയാണ് ലൈവ്‍സ്‍റ്റോക്ക് ബില്‍ 2023ന്‍റെ കരടില്‍ അഭിപ്രായം അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമയം അവസാനിക്കുന്നത്.

മൃഗങ്ങളെ ജീവനോടെ കയറ്റിയയക്കുന്നതിനും ഇറക്കുമതി നടത്തുന്നതിനും അനുമതി നല്‍കുന്നു എന്നതും വിവിധയിനം നായകളെയും പൂച്ചകളെയും ലൈവ്സ്റ്റോക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നതുമാണ് എതിര്‍പ്പുകള്‍ക്കുള്ള പ്രധാന കാരണം. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇടയാക്കുന്ന വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളതെന്ന് മൃഗസ്നേഹികളുടെ സംഘനടകള്‍ വാദിക്കുന്നു. ജൈന, ഹിന്ദു മത വികാരങ്ങള്‍ ചൂണ്ടിക്കാട്ടിയും എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്. വിവിധ ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും കൂടി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ #saynotolivestockbill2023 സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുകയറി. 

എന്താണ് എതിര്‍പ്പിന് പിന്നില്‍

1898-ലെ ലൈഫ്സ്റ്റോക്ക് ഇംപോര്‍ട്ടേഷന്‍ ആക്റ്റ് അനുസരിച്ചാണ് നിലവില്‍ രാജ്യത്തേക്കുള്ള ലൈവ്സ്റ്റോക്ക് ഉല്‍പ്പന്നങ്ങളുടെ വരവ് നിയന്ത്രിക്കപ്പെടുന്നത്. ജീവനുള്ള മൃഗങ്ങളുടെയും ലൈവ്സ്റ്റോക്ക് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയിലൂടെ രാജ്യത്തേക്ക് രോഗങ്ങള്‍ പ്രവേശിക്കുന്നതിനെ തടഞ്ഞുകൊണ്ട് , രാജ്യത്തെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ നിയമം നടപ്പാക്കപ്പെടുന്നത്. ഈ നിയമത്തിന്‍റെയും 2001ല്‍ നിലവില്‍ വന്ന ഭേദഗതി നിയമത്തിന്‍റെയും പുതുക്കിപ്പണിയലാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

മുന്‍ നിയമങ്ങളില്‍ നിന്നു വ്യത്യസ്തമായി ലൈവ്സ്റ്റോക്ക് കയറ്റുമതി വികസിപ്പിക്കുന്നതിനുള്ള നയം സര്‍ക്കാര്‍ പുതിയ ബില്ലിന്‍റെ കരടില്‍ വിശദീകരിക്കുന്നു. 'ലൈവ്‍സ്റ്റോക്കിന്‍റെയും ലൈവ്‍സ്റ്റോക്ക് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്യാനുള്ള അധികാരം' എന്നാണ് കരടിലുള്ളത്. കയറ്റുമതിക്ക് പരിഗണിക്കുന്ന ലൈവ്സ്റ്റോക്ക് പട്ടികയിൽ പൂച്ചകളെയും നായ്ക്കളെയും പശുക്കളെയും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കൊറോണ മഹാമാരിയുടെ കെടുതികളില്‍ നിന്ന് ലോകം മുക്തി നേടിയതിനു പിന്നാലെ വരുന്ന ഒരു നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥ വരുന്നത് ആരോഗ്യപരമായ കാരണങ്ങളാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. 

എതിര്‍പ്പുമായി ഗവാസ്‍കറും കപില്‍ദേവും

മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‍കറും കപില്‍ദേവും സിനിമാ താരങ്ങളായ സീനത്ത് അമന്‍, ജയ ഭട്ടാചാര്യ, മന്‍മീത് സിംഗ് തുടങ്ങിയവരും മറ്റനവധി പ്രമുഖരും ലൈവ്‍സ്‍റ്റോക്ക് ബില്‍ 2023 -ന്‍റെ കരടിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ 2 ദിവസതതിലധികമായി #saynotolivestockbill2023 ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിൽ, കന്നുകാലികളെ കയറ്റുമതി ചെയ്യാൻ അവസരമൊരുക്കുന്ന ബില്ലിനെ എതിർക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ബില്ലിന്‍റെ വിശദാംശങ്ങളെ കുറിച്ച് അറിയില്ലെങ്കിലും ഇത്തരമൊരു ബില്‍ പാസാക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബില്ലിനെതിരായ ട്വിറ്റര്‍ ക്യാംപെയിനില്‍ പങ്കുചേരാനും നിയമം നടപ്പിലാക്കുന്നതിനെ തടയുന്നതിനും തന്‍റെ സന്ദേശത്തിലൂടെ സീനത്ത് അമനും ആവശ്യപ്പെടുന്നു. കോവിഡ് മാഹാമാരിയുടെ ആരംഭത്തിനു ശേഷം, കന്നുകാലികളുടെ ഇറക്കുമതി/കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഏതൊരു ശ്രമവും തെറ്റായതും വിനാശകരമായതുമായി കണക്കാക്കപ്പെടേണ്ടതാണെന്ന് നടി ജയ ഭട്ടാചാര്യ പറയുന്നു. 

Tags:    

Similar News