ഫെഡ് നിരക്കില്‍ മാറ്റമില്ല; പക്ഷേ ഉയര്‍ന്ന നിരക്ക് ദീര്‍ഘകാലം തുടർന്നേക്കും

  • 2024 ല്‍ പ്രതീക്ഷിക്കുന്നത് അര ശതമാനം പോയിന്‍റിന്‍റെ നിരക്കിളവ് മാത്രം
  • ഫെഡ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഡോളറിന് ഇടിവ്

Update: 2023-09-21 02:02 GMT

പ്രതീക്ഷിച്ചതു പോലെ തന്നെ യുഎസ് ഫെഡ് റിസര്‍വ് ധനനയ സമിതി (എഫ്ഒഎംസി) അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. പലിശനിരക്ക് 22 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25% മുതൽ 5.5% വരെ എന്നതില്‍ തന്നെ നിലനിർത്തി. എന്നിരുന്നാലും അടുത്തിടെ എണ്ണ വിലയിലുണ്ടായ വർദ്ധനവ് കൂടി കണക്കിലെടുത്ത് ഈ വര്‍ഷം തന്നെ മറ്റൊരു വർദ്ധനവ് കൂടി വരാൻ സാധ്യതയുണ്ട്.

രണ്ട് ദിവസത്തെ നയ യോഗത്തിന് ശേഷം പുറത്തിറക്കിയ ത്രൈമാസ സാമ്പത്തിക പ്രവചനങ്ങളിൽ, 19 ഫെഡറൽ ഉദ്യോഗസ്ഥരിൽ 12 പേരും ഈ വർഷം ഒരിക്കൽ കൂടി നിരക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ശക്തമായ തൊഴിൽ വിപണിയുടെ പശ്ചാത്തലത്തില്‍, 2024-ൽ മുമ്പ് പ്രതീക്ഷിച്ചതിലും കുറവ് തവണ മാത്രമേ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്ന പ്രഖ്യാപനം ഉണ്ടാകാനിടയുള്ളൂ എന്നും ഇത് വ്യക്തമാക്കുന്നു. ഉയര്‍ന്ന നിരക്കുകള്‍ ദീര്‍ഘകാലം തുടരുമെന്ന ഈ പ്രഖ്യാപനമാണ് നിക്ഷേപകരെ ഏറ്റവും സ്വാധീനിക്കുക.

2024-ൽ നിരക്കുകൾ അര ശതമാനം മാത്രം കുറയുമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും പ്രതീക്ഷിക്കുന്നത്, ജൂണിലെ മീറ്റിംഗില്‍ ഇത് ഒരു ശതമാനം ആയിരുന്നു. ഫെഡറൽ ഫണ്ട് നിരക്ക് 2024 അവസാനത്തോടെ 5.1 ശതമാനമായും 2025 അവസാനത്തോടെ 3.9 ശതമാനമായും കുറയുമെന്നാണ് പ്രതീക്ഷ. വിലക്കയറ്റ തോത് ഈ വർഷം അവസാനത്തോടെ 3.3 ശതമാനമായും അടുത്ത വർഷം 2.5 ശതമാനമായും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2025 അവസാനത്തോടെ 2.2 ശതമാനത്തിലേക്ക് എത്തിക്കാനാകുമെന്നാണ് യുഎസ് കേന്ദ്രബാങ്ക് ഇപ്പോള്‍ കരുതുന്നത്.

പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്തേക്ക് എത്തിക്കുന്നത് വരെ പലിശ നിരക്കിലെ ക്രമീകരണം തുടരുമെന്ന് നേരത്തേ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു.  2026 - ല്‍ പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിലേക്ക് എത്തുമെന്നാണ് ഫെഡറല്‍ റിസർവിന്‍റെ ഇപ്പോഴത്തെ പ്രതീക്ഷ.  18 ധനനയ യോഗങ്ങള്‍ക്കു ശേഷം പലിശ നിരക്ക് വര്‍‍ധനയുടെ  അവസാനത്തിന് അടുത്തെത്തി എന്ന വ്യക്തമായ സൂചന ഇത്തവണത്തെ യോഗത്തിന് ശേഷം പവല്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരു നിരക്ക് വര്‍ധന കൂടി മാത്രമേ ഈ ചക്രത്തില്‍ ഇനി ഉണ്ടാകൂ.

വിപണിയുടെ പ്രതികരണം

യുഎസ് ഫെഡറൽ റിസർവ് നയം കടുത്തതായി കൂടുതല്‍ കാലം തുടരുമെന്ന പ്രഖ്യാപനം സ്വാഭാവികമായും നെഗറ്റിവായാണ് വിപണി സ്വീകരിച്ചിട്ടുള്ളത്, യുഎസ് ഡോളർ നഷ്ടം നേരിട്ടു. ഫെഡറൽ തീരുമാനത്തിന് ശേഷം, പലിശ നിരക്കിന് സെൻസിറ്റീവായ രണ്ട് വർഷത്തെ ട്രഷറി യീല്‍ഡ് 17 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

യുഎസിലെ പ്രധാന വിപണികളെല്ലാം ഇടിവോടെയാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 76.85 പോയിൻറ് (0.22%) ഇടിഞ്ഞപ്പോള്‍ എസ്&പി 500 41.75 പോയിൻറ് (0.94%) നഷ്ടം നേരിട്ടു. നാസ്‍ഡാഖ് കോമ്പോസിറ്റ് 1.53 ശതമാനം ഇടിഞ്ഞു. 

Tags:    

Similar News