അരി കയറ്റുമതി നിയന്ത്രണത്തില്‍ ചില രാഷ്ട്രങ്ങള്‍ക്ക് ഇളവ്
മൗറീഷ്യസ്, ഭൂട്ടാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിക്കാണ് ഇളവ്
ആഭ്യന്തര വില നിയന്ത്രിക്കാൻ അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വൻതോതിലുള്ള നിയന്ത്രണങ്ങളില്‍ ചില രാഷ്ട്രങ്ങള്‍ക്ക് ഇളവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷ ആവശ്യങ്ങൾ പരിഗണിച്ച് മൗറീഷ്യസ്, ഭൂട്ടാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നിശ്ചിത അളവില്‍ അരി കയറ്റുമതി ചെയ്യുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ബസുമതി ഇതര വെള്ള അരി 79,000 ടൺ ഭൂട്ടാനിലേക്കും 50,000 ടൺ സിംഗപ്പൂരിലേക്കും 14,000 ടൺ മൗറീഷ്യസിലേക്കും വിൽക്കാൻ അനുമതി നല്‍കിയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭക്ഷ്യാ സുരക്ഷാ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കയറ്റുമതി അനുവദിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാഷ്ട്രമായ ഇന്ത്യ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആഗോള വിപണികളില്‍ അരിവില ഉയര്‍ത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ജൂലൈയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ആഫ്രിക്കന്‍ രാഷ്ട്രമായ ഗിനിയയും അരി കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവു തേടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.