ആർബിഐ വായ്പാ കലണ്ടറിന്‍റെ ലക്ഷ്യമെന്ത്? കേന്ദ്രം നിശ്ചയിച്ച പരിധികളുമായി വലിയ പൊരുത്തക്കേട്

  • സംസ്ഥാനത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ചത് കലണ്ടറില്‍ പ്രതിഫലിക്കുന്നില്ല
  • 2022-23ലെ സംസ്ഥാനത്തിന്‍റെ വിപണി വായ്പ ആര്‍ബിഐ കലണ്ടറില്‍ പറഞ്ഞ തുകയേക്കാള്‍ 31% കുറവ്
  • 2023-24ല്‍ കേരളത്തിന് കേന്ദ്രം നിശ്ചയിച്ച വിപണി വായ്പാ പരിധി 20,520 കോടി രൂപ
;

Update: 2023-07-25 07:05 GMT
what is the purpose of rbi loan calendar
  • whatsapp icon

സംസ്ഥാനത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ചതില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ഉച്ഛസ്ഥായിയില്‍ എത്തിയിട്ടുണ്ടെങ്കിലും റിസര്‍വ്  ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രബാങ്കിന്‍റെ വായ്പാ കലണ്ടര്‍ വ്യക്തമാക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ (FY24) സംസ്ഥാനത്തിന്റെ മൊത്തം വിപണി വായ്പാ പരിധി 20,520 കോടി രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ഒമ്പത് മാസത്തേക്കുള്ള വായ്പാ പരിധി 15,390 കോടി രൂപയായും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ ‘ഏകപക്ഷീയമായ’ നീക്കത്തിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പലതവണ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. എന്നാൽ വിപണി വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നത്, ആര്‍ബിഐ കലണ്ടര്‍ ഇതുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്. ഡിസംബര്‍ അവസാനം വരെ കേരളത്തിന് 15,390 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കില്‍, സംസ്ഥാനത്തിനായുള്ള കേന്ദ്രബാങ്കിന്‍റെ സൂചക വായ്പാ കലണ്ടർ പറയുന്നത്, ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 8,000 കോടി രൂപയും രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) 9,500 കോടി രൂപയും കേരളത്തിന് വായ്പയെടുക്കാം എന്നാണ്.

അതായത് ആര്‍ബിഐ കലണ്ടര്‍ പ്രകാരം ആദ്യ ആറ് മാസത്തിനുള്ളിൽ മാത്രം സംസ്ഥാനത്തിന്‍റെ വിപണി വായ്പകൾ 17,500 കോടി രൂപയിലെത്തി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടിയുള്ള മാർക്കറ്റ് വായ്പകൾ സംഘടിപ്പിക്കുന്നതും സംസ്ഥാനങ്ങൾ ഈ വായ്പകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നത് ഉറപ്പാക്കുന്നതും ആർബിഐ ആണെന്ന് ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

 “ഒരു സംസ്ഥാനത്തിന് ഒരു സാമ്പത്തിക വർഷത്തിലോ പാദത്തിലോ കടമെടുക്കാൻ കഴിയുന്ന തുക നിശ്ചയിക്കുമ്പോൾ കേന്ദ്രം ആർബിഐയുമായി ആലോചിക്കുന്നില്ലേ?” ഒരു സംസ്ഥാനത്തിന് ഒരു പ്രത്യേക തുക കടമെടുക്കാമെന്ന് കേന്ദ്രം സൂചിപ്പിക്കുകയും ആർബിഐ അതിന്റെ കടമെടുക്കൽ കലണ്ടറില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു തുക പ്രസിദ്ധീകരിക്കുകയും ചെയ്താൽ, ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇടയാക്കും," തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു പൊതു ധനകാര്യ വിദഗ്ധൻ myfinpoint.com-നോട് പ്രതികരിച്ചു. 

യഥാര്‍ത്ഥ വായ്പയും കലണ്ടറിലെ തുകയും 

ശരിയാണ്, ആർബിഐ പ്രസിദ്ധീകരിക്കുന്നത് ഒരു സൂചക കലണ്ടർ ആണെന്ന് വാദിക്കാം. എന്നാൽ അത് യഥാർത്ഥ കടം വാങ്ങൽ തുകയില്‍ നിന്ന് വലിയ വ്യത്യാസം പ്രകടമാക്കുന്നത് ഉചിതമായിരിക്കില്ല. ഉദാഹരണത്തിന്, കേരളത്തിന്‍റെ യഥാർത്ഥ വായ്പയെടുക്കൽ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ (2022-23) ആർബിഐ വായ്പാ കലണ്ടറില്‍ നിന്നും എത്ര വ്യത്യസ്തമായിരുന്നു എന്ന് പരിശോധിക്കാം. 

ആര്‍ബിഐ കലണ്ടർ സൂചിപ്പിക്കുന്നത്, സംസ്ഥാനത്തിന്‍റെ (കേരളം) വായ്പ 2022-23ല്‍ മൊത്തമായി 37,003 കോടി രൂപ ആകുമെന്നാണ്. അതായത് ആദ്യ മൂന്നു പാദങ്ങളിലും 9000 കോടി രൂപ വീതവും നാലാം പാദത്തില്‍ 10,003 കോടി രൂപയുമാണ് വായ്പയെടുക്കാവുന്നത്. എന്നാല്‍ സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥത്തില്‍ വായ്പയെടുത്തത് 25,576 കോടി രൂപ മാത്രമാണ്. അതായത് ആര്‍ബിഐ കലണ്ടറിലെ തുകയെ അപേക്ഷിച്ച് 31 ശതമാനത്തിന്‍റെ കുറവ്. 

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കേരളം 11,500 കോടി രൂപ വിപണിയില്‍ നിന്ന് കടമെടുത്തു, ജൂലൈ 25ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള 1000 കോടി രൂപ കൂടി ചേരുന്നതോടെ മൊത്തം വായ്പ 12,500 കോടി രൂപയിലെത്തും. പ്രാഥമികമായി ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന വികസന വായ്പകൾ (എസ്‍ഡിഎൽ) അല്ലെങ്കിൽ ബോണ്ടുകൾ നൽകിയാണ് കേരളം വിപണിയിൽ നിന്ന് വായ്പയെടുക്കുന്നത്. 

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇതിനെ ആകർഷകമായ നിക്ഷേപമായാണ് കാണുന്നത്. കാരണം എസ്‍ഡിഎൽ റിട്ടേണുകൾ കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്ന സെക്യൂരിറ്റികളേക്കാൾ (G-Secs) കൂടുതലാണ്, അതേ സമയം റിസ്ക് ഏതാണ്ട് പൂജ്യവുമാണ്. 

Tags:    

Similar News