എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്‍റെ ജിഎസ്‍ടി ഒഴിവാക്കിയേക്കും
നികുതിയിലെ അവ്യക്തതകള്‍ ഒഴിവാക്കുക ലക്ഷ്യം
വ്യാവസായിക ഉപയോഗത്തിനുള്ള എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്‍റെ (ഇഎൻഎ) ജിഎസ്‍ടി ഹ്രസ്വകാലത്തേക്ക് ഒഴിവാക്കാന്‍ ഒക്റ്റോബര്‍ 7ന് നടക്കുന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം തീരുമാനമെടുത്തേക്കുമെന്ന് സൂചന. നിലവില്‍ 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇഎന്‍എ-യുടെ നികുതിയുമായി ബന്ധപ്പെട്ട് 2017 മുതൽ ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങളില്‍ വ്യക്തത നല്‍കുന്നതു ലക്ഷ്യമിട്ടാണ് ഈ നടപടി. മനുഷ്യരുടെ വ്യക്തിഗത ഉപയോഗത്തിലേക്ക് ഇഎന്‍എ മാറ്റപ്പെടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
മദ്യ ഉല്‍പ്പാദനത്തിനായി, ധാന്യം അടിസ്ഥാനമാക്കിയുള്ളതും മൊളാസസ് അടിസ്ഥാനമാക്കിയുള്ളതുമായ ഇഎന്‍എ കമ്പനികള്‍ക്ക് കൈമാറുമ്പോള്‍ നല്‍കേണ്ട ജിഎസ്‍ടി ആണ് ഒഴിവാക്കുക. ഇതിനു പുറമേ സംസ്ഥാനങ്ങൾ ഇവയ്ക്കു മേല്‍ ചുമത്തുന്ന മൂല്യ വര്‍ധിത നികുതി ഒഴിവാക്കുന്നതും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. മൊളാസസിന്റെ ജിഎസ്‍ടി നിലവിലെ 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വിവിധ സ്രോതസുകള്‍ വെളിപ്പെടുത്തുന്നു.
വ്യാവസായിക ആവശ്യങ്ങൾക്കായി വിതരണം ചെയ്യുന്ന ഇഎൻഎ 'മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം' എന്ന വിഭാഗത്തിന് കീഴിൽ വരുന്നില്ല, റെക്റ്റിഫൈഡ് സ്പിരിറ്റ് അല്ലെങ്കിൽ റെക്റ്റിഫൈഡ് ആൽക്കഹോൾ എന്നും ഇത് അറിയപ്പെടുന്നു, സാധാരണയായി 95 ശതമാനം ആൽക്കഹോൾ ഉള്ളടക്കമാണ് ഇഎന്‍എ-യില്‍ ഉള്ളത്.
നിലവിൽ, വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ഇഎന്‍എ-ക്ക് നികുതി ചുമത്തുന്നത്. ചില ഡിസ്റ്റിലറികൾ ഇഎന്‍എ-യിൽ ജിഎസ്‍ടി ഈടാക്കുകയും മൂല്യവർദ്ധിത നികുതി (വാറ്റ്) നൽകാതിരിക്കുകയും ചെയ്യുന്നു, എന്നാൽ ചില ഡിസ്റ്റിലറികൾ വാറ്റ് അടയ്ക്കുകയും ജിഎസ്‍ടി നൽകാതിരിക്കുകയും ചെയ്യുന്നു. ഇഎന്‍എ-യ്ക്ക് 18 ശതമാനം ജിഎസ്‍ടി നൽകുന്ന ചില ഡിസ്റ്റിലറികള്‍ മദ്യം ബോട്ടിലിംഗ് യൂണിറ്റിലേക്ക് വിതരണം ചെയ്യുമ്പോൾ ഗ്രെയിൻ ന്യൂട്രൽ സ്പിരിറ്റുകൾക്ക് (ജിഎന്‍എസ്) ജിഎസ്‍ടി നൽകുന്നില്ല.